അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും യാത്ര പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറായില്ല. ജെറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ജെറുസലേം: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും യാത്ര പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജെറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പെര്‍മിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് മേഖലയില്‍ ക്ലാസുകള്‍ തടസ്സപ്പെടുന്നത്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള എഴുപതിലധികം അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ജെറുസലേമിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് ഇസ്രായേല്‍ നിഷേധിച്ചത്. ഇതോടെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി.
യാതൊരു മുന്‍കൂട്ടി അറിയിപ്പുമില്ലാതെയാണ് ഇസ്രായേല്‍ അധികൃതര്‍ പെര്‍മിറ്റുകള്‍ നിഷേധിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വലിയൊരു വിഭാഗം ജീവനക്കാരുടെ അഭാവം പഠനത്തെ മാത്രമല്ല, സ്‌കൂളുകളുടെ ഭരണനിര്‍വ്വഹണം, ശുചിത്വം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ എന്നിവയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാകര്‍തൃ പ്രതിനിധികളുമായും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും, ആവശ്യമായ പെര്‍മിറ്റുകള്‍ ലഭിക്കുന്നതുവരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമെന്നും ക്രൈസ്തവ നേതൃത്വം അറിയിച്ചു.
നൂറ്റാണ്ടുകളായി ജെറുസലേമിന്റെ സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് ഭരണകൂടത്തിന്റെ കര്‍ശന നിലപാടില്‍ അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ കൂടെകൂടെ ഉണ്ടാകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥികളുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് സ്‌കൂള്‍ ജനറല്‍ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയില്‍ ഇസ്രായേല്‍ പെര്‍മിറ്റുകള്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.