തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് കുട്ടികളുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, വെടിനിർത്തലിന് പിന്നാലെയുള്ള ഏറ്റവും മാരകമായ ആക്രമണം

 
lebanon

ബെയ്‌റൂത്ത്: തെക്കൻ ലബനാനിൽ ശനിയാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. അൻസാറിന്റെ അതിർത്തിയിലുള്ള ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി ലബനീസ് അധികാരികൾ അറിയിച്ചു.

ദെയർ അൽ-സഹ്‌റാനിയിലുണ്ടായ ആക്രമണത്തിൽ മറ്റു നാലുപേരും കൊല്ലപ്പെട്ടു. ജൂൺ 20ന് ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തൽ കരാറിലെത്തിയതിനു ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളാണിത്.

ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയെ നിരായുധീകരിക്കുന്നതിന് പകരമായി തെക്കൻ ലെബനാനിൽ നിന്ന് ഇസ്രായേൽ പിന്മാറുന്നതിനുള്ള കരട് കരാർ ഇസ്രായേലും ലബനാൻ സർക്കാരും ജൂൺ 26ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹിസ്ബുല്ല ഈ കരാറിന്റെ ഭാഗമായിരുന്നില്ല. കൂടാതെ നേരിട്ടുള്ള ചർച്ചകൾ അവർ നിരസിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച പുലർച്ചെ, തെക്കൻ നഗരമായ നബാത്തിയയുടെ ചില ഭാഗങ്ങളിലേക്കും തന്ത്രപ്രധാനമായ അലി താഹിർ കുന്നിന് നേരെയും കനത്ത ഇസ്രായേൽ വ്യോമാക്രമണമുണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ലിതാനി നദിക്ക് വടക്കുള്ള പ്രദേശത്ത് ഇസ്രായേൽ സൈന്യം ദിവസേനയെന്നോണം ആക്രമണങ്ങൾ തുടരുന്നുണ്ട്. തെക്കുഭാഗത്തുള്ള വലിയ പ്രദേശങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

അൻസാറിലെ ആക്രമണത്തിൽ രണ്ടുപേർക്കും ദെയർ അൽ-സഹ്‌റാനിയിലുണ്ടായ ആക്രമണത്തിൽ 17 പേർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനന്റെ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക വാർത്താ ഏജൻസിയും അറിയിച്ചു. വെടിനിർത്തൽ നിലവിൽ വന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളായിരുന്നു ശനിയാഴ്ചത്തേത്.

 ജൂലൈ 6-ന് നബാത്തിയ ഫൗകയിൽ ഉണ്ടായ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ നിലവിൽ വരുന്നതിന് തലേദിവസമായ ജൂൺ 19-ന് ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെടുകയും 141 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

ആക്രമണങ്ങളെ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം വിമർശിച്ചു. ഇത് സാധാരണക്കാരെ ഭയപ്പെടുത്തുന്നു എന്നും തെക്കുഭാഗത്ത് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ഈ പ്രകോപനം അവസാനിപ്പിക്കണമെന്നും സലാം പറഞ്ഞു. ലെബനീസ് ജനതയുടെ സുരക്ഷയും അവരുടെ ഭൂമിയിൽ ജീവിക്കാനുള്ള അവകാശവും ചർച്ചയ്‌ക്കോ വിലപേശലിനോ വിധേയമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലി താഹിർ, അൻസാരി എന്നീ പ്രദേശങ്ങളിൽ തങ്ങൾക്കെതിരെ നടന്ന പ്രവർത്തനങ്ങൾക്ക് മറുപടിയായാണ് അവിടെയുള്ള ഹിസ്ബുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ഉപദ്രവിക്കാൻ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും "ഭീഷണികൾ ഒഴിവാക്കാൻ തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും" അവർ പറഞ്ഞു.

തെക്കൻ ലെബനനിൽ ഇസ്രായേൽ സേനയ്‌ക്കെതിരെ ഹിസ്ബുള്ള എന്തെങ്കിലും ആക്രമണം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു ഹിസ്ബുള്ള ഔദ്യോഗിക വക്താവ് ഉടൻ പ്രതികരിച്ചില്ല.

യു.എസിന്റെ നേതൃത്വത്തിൽ ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾ തുടരുന്നതിന് പകരം ഈ ആക്രമണം തടയാനുള്ള വഴികൾ കണ്ടെത്താൻ ഹിസ്ബുല്ല ലെബനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തി രണ്ട് ദിവസത്തിന് ശേഷം, മാർച്ച് 2-നാണ് ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധം ആരംഭിച്ചത്. അന്നുമുതൽ, ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ ഉൾപ്പെടെ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

Tags

Share this story

From Around the Web