മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് വംശീയ ഉന്മൂലനം: ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേല്‍ പ്രതിനിധി

 
ISRAYEL

ജെറുസലേം: പ്രതികൂലമായ സാഹചര്യങ്ങളെ തുടര്‍ന്നു മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വരുന്ന കുറവില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവര്‍ക്ക് വേണ്ടി ഇസ്രായേല്‍ സ്ഥാപിച്ച പ്രത്യേക പ്രതിനിധിയായ ജോര്‍ജ്ജ് ഡീക്ക്.

 കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതല്‍ ധാരണയും സംഭാഷണവും വളര്‍ത്തിയെടുക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ വലിയ തകര്‍ച്ചയില്‍ ഡീക്ക് ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

മിഡില്‍ ഈസ്റ്റിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തില്‍ നിന്ന് ഇന്ന് രണ്ടു ശതമാനത്തില്‍ താഴെയായി ക്രിസ്ത്യാനികള്‍ കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഒരുകാലത്ത് വലിയ രീതിയില്‍ വളര്‍ച്ച പ്രാപിച്ച ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഉണ്ടായിരുന്ന പല പ്രദേശങ്ങളിലും ഇന്നു ക്രിസ്ത്യന്‍ സാന്നിധ്യം വളരെ ചെറുതായി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ രാജ്യത്തിനും ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതാക്കള്‍ക്കും ഇടയില്‍ ശക്തമായ പാലങ്ങള്‍ പണിയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡീക്ക് വ്യക്തമാക്കി. പലരും രാജ്യത്തെ അതിന്റെ യഹൂദ സ്വത്വത്തിലൂടെ മാത്രമേ അറിയൂവെന്നും അതിന്റെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ലായെന്നും അദ്ദേഹം പറയുന്നു.

 ക്രിസ്തീയ വിശ്വാസത്തിന്റെ ജന്മസ്ഥലമായി ബഹുമാനിക്കപ്പെടുന്ന ഇസ്രായേല്‍ ദേശവുമായി ക്രൈസ്തവര്‍ക്കുള്ള അതുല്യമായ ബന്ധം കണക്കിലെടുത്താണ് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രത്യേക ദൂതനായി ജോര്‍ജ്ജ് ഡീക്കിനെ നിയമിച്ചത്. 

നേരത്തെ ഇസ്രായേല്‍ സൈന്യത്തിന്റെ ചില ക്രൈസ്തവ വിരുദ്ധമായ നടപടികള്‍ ഭരണകൂടത്തെ പ്രതികൂട്ടിലാക്കിയിരിന്നു.

Tags

Share this story

From Around the Web