ഗാസ ആക്രമണത്തിനെതിരെ പ്രതികരിച്ച കത്തോലിക്ക വൈദികന് പ്രവേശനം നിഷേധിച്ച് ഇസ്രായേൽ

 
Gaza

റോം/ ടെൽ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിച്ച ഇറ്റാലിയൻ കത്തോലിക്ക വൈദികന് പ്രവേശനം നിഷേധിച്ച് ഇസ്രായേൽ. രാജ്യത്തിന്റെ നടപടികളെ തുറന്നു വിമർശിച്ച ഫാ. നന്ദിനോ കപ്പോവില്ലയ്ക്കാണ് ഇസ്രായേൽ പ്രവേശനം നിഷേധിച്ചത്. പൊതു സുരക്ഷ ഭീഷണി, പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തതെന്ന വ്യാഖ്യാനത്തോടെയാണ് പ്രവേശന വിലക്ക്.

കത്തോലിക്ക സമാധാന പ്രസ്ഥാനമായ പാക്സ് ക്രിസ്റ്റി സംഘടിപ്പിച്ച "നീതിയുടെ തീർത്ഥാടനം" എന്ന പരിപാടിയില്‍ പങ്കെടുക്കാൻ ഫാ. കപ്പോവില്ല കഴിഞ്ഞ ആഴ്ച ബെൻ-ഗുരിയോൺ വിമാനത്താവളത്തിൽ എത്തിയിരിന്നു. ഏഴ് മണിക്കൂർ തടഞ്ഞുവച്ച അദ്ദേഹത്തെ ഇസ്രായേലിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കില്ലെന്ന് പിന്നീട് അറിയിക്കുകയായിരിന്നു. വർഷങ്ങളായി, ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളെ ശക്തമായി അപലപിക്കുകയും രാജ്യം വംശഹത്യ നടത്തുന്നുവെന്ന് ആവർത്തിച്ച് ആരോപിക്കുകയും ചെയ്ത വൈദികനാണ് അദ്ദേഹം.


പ്രവേശന വിലക്കിനെ തുടര്‍ന്നു നാടുകടത്തിയതിന് പിന്നാലേ "ഞാൻ സ്വതന്ത്രനാണ്" എന്ന് ഫാ. കപ്പോവില്ല ഫേസ്ബുക്കിൽ കുറിച്ചു. ഫാ. കപ്പോവില്ലയെ ആദ്യം ഗ്രീസിലേക്കാണ് ഇസ്രായേല്‍ തിരിച്ചയച്ചത്.

പിന്നീട് അദ്ദേഹം ഇറ്റലിയിലെത്തി. ഈ അനുഭവം തന്നെ നിശബ്ദനാക്കില്ലെന്നും വേദനിക്കുന്ന ജനതയ്ക്കുവേണ്ടി താൻ തുടർന്നും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയിലെ വെനീസിനടുത്തുള്ള മാർഗേരയിൽ നിന്നുള്ള ഫാ. നന്ദിനോ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമായ പാക്സ് ക്രിസ്റ്റിയുടെ സ്ഥാപക അംഗമാണ്.

Tags

Share this story

From Around the Web