2030ലെ യേശുവിന്റെ ജ്ഞാനസ്‌നാന മഹാ ജൂബിലിയ്ക്കു ഒരുക്കങ്ങളുമായി ഇസ്രായേലും ജോര്‍ദാനും

 
israyel jordhan



ജോര്‍ദാന്‍/ ജെറുസലേം: 2030-ല്‍ നടക്കാനിരിക്കുന്ന യേശുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ രണ്ടായിരാം വര്‍ഷത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം. 

ഇതിനായി, ആഗോള ക്രൈസ്തവ സമൂഹവുമായുള്ള ബന്ധങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മസമിതിക്ക് രൂപം നല്‍കിയതായി മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍, അംബാസഡര്‍ ജോര്‍ജ്ജ് ഡീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക കര്‍മസമിതി. 

ലോകമെമ്പാടുമുള്ള ഇരുനൂറ് കോടിയിലധികം വരുന്ന ക്രൈസ്തവര്‍ക്ക് അഗാധമായ ആത്മീയ പ്രാധാന്യമുള്ള ഒരു നാഴികക്കല്ലാണ് ഈ വാര്‍ഷികമെന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സഭകളുമായും ക്രൈസ്തവ നേതാക്കളുമായും ഉള്ള സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ലക്ഷക്കണക്കിന് ക്രൈസ്തവ തീര്‍ത്ഥാടകരുടെ വരവിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി കര്‍മസമിതി രൂപീകരിച്ചതായി മന്ത്രാലയം 'എക്‌സ്' (ത) പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെയാണ് പൊതു സമൂഹത്തെ അറിയിച്ചത്. 

ജോര്‍ദാന്‍ നദിയിലെ ജ്ഞാനസ്‌നാനസ്ഥലം വര്‍ഷം തോറും ലക്ഷക്കണക്കിന് ക്രൈസ്തവ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാറുണ്ടെങ്കിലും, ക്രൈസ്തവ ലോകത്തേക്കുള്ള ഇസ്രായേലിന്റെ പ്രത്യേക പ്രതിനിധിയായ അംബാസഡര്‍ ജോര്‍ജ്ജ് ഡീക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ സംരംഭം വഴി കൂടുതല്‍ തീര്‍ത്ഥാടകരെത്തുവാന്‍ വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, 2030-ലെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോര്‍ദാന്‍ ഇതിനകം തന്നെ വികസന പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 


ഈ വര്‍ഷം ആരംഭത്തില്‍ തന്നെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ് കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇസ്രായേല്‍ ഭാഗത്തുള്ള 'ഖസര്‍ എല്‍-യഹൂദ്' എന്ന സ്ഥലത്തിന് നേരെ എതിര്‍വശത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

 തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള 2030-ലെ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്ക് ജോര്‍ദാന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിന്നു.

Tags

Share this story

From Around the Web