സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേര്‍ ആക്രമണം. ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം.
ഡമാസ്കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്.
ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ 52 പേര്‍ക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ദേവാലയത്തില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ചാവേറിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് പ്രാദേശിക സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ മാര്‍ ഏലിയാസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന തീവ്രവാദ ചാവേര്‍ ബോംബാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുകയാണെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സിറിയന്‍ അധികാരികള്‍ ആക്രമണത്തിന് പിന്നിലുള്ളവരെ മുന്നില്‍കൊണ്ടുവരണമെന്നും ക്രിസ്ത്യന്‍ സമൂഹങ്ങളുടെയും എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.
സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ സിറിയന്‍ നഗരമായ ഹോംസിലെ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘം വെടിവെയ്പ്പ് നടത്തിയിരിന്നു
. ബുസ്റ്റാന്‍ അല്‍-ദിവാന് പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് (ഉം അല്‍-സന്നാര്‍) കത്തീഡ്രലിനു മുന്‍ഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ നിന്നു 160 കിലോമീറ്റര്‍ മാറിയുള്ള ഡമാസ്കസില്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്.