മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ വെളിപ്പെടുത്തല്‍

 
is is


മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കന്‍ മേഖലയില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്ക് പ്രോവിന്‍സിന്റെ (ഐഎസ്-എം) വെളിപ്പെടുത്തല്‍.


 സെപ്റ്റംബര്‍ പകുതി മുതല്‍ മാസാവസാനം വരെയാണ് ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്ന് തീവ്രവാദ സംഘടനയെ ഉദ്ധരിച്ച് ടെററിസം റിസര്‍ച്ച് & അനാലിസിസ് കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ ചിയുറെ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പ്രദേശത്ത് വിവിധ ആക്രമണങ്ങളില്‍ നാല് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാല് ദേവാലയങ്ങള്‍ അഗ്‌നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

നമ്പുല പ്രവിശ്യയിലെ മെംബ ജില്ലയില്‍ ഒരു മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെംബ ജില്ലയിലെ രണ്ട് ആക്രമണങ്ങളില്‍, രണ്ട് ക്രൈസ്തവ ദേവാലയങ്ങളും 110 ക്രിസ്ത്യന്‍ ഭവനങ്ങളും ആക്രമിച്ചെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തി. 

വടക്കന്‍ കാബോ ഡെല്‍ഗാഡോയിലാണ് മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ മുതല്‍ 37 ക്രിസ്ത്യാനികളെയെങ്കിലും തങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്ക് (ഐഎസ്-എം) വ്യക്തമാക്കിയിരിന്നു. ഭൂരിഭാഗം ക്രൈസ്തവരെയും കഴുത്ത് അറത്താണ് കൊലപ്പെടുത്തിയതെന്നു മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിന്നു.

കാബോ ഡെല്‍ഗാഡോയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദികളുടെ സംഘം റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ക്രൈസ്തവര്‍ക്കു സഞ്ചരിക്കാന്‍ $150 മുതല്‍ $460 വരെ നികുതി ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു.

 മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. 


രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കന്‍ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.

Tags

Share this story

From Around the Web