സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി സരായ അന്‍സാര്‍ അല്‍ സുന്ന എന്ന തീവ്ര ഇസ്‌ളാമിക സംഘടന.
ഡമാസ്‌കസ് മാര്‍ ഏലിയാസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയെ ലക്ഷ്യമിട്ടു നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു സരായ അന്‍സാര്‍ സംഘടന ഭീഷണി മുഴക്കി. ക്രൈസ്തവരെ കൃത്യമായി ലക്ഷമിട്ടിട്ടുണ്ടെന്ന വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കുന്ന പ്രസ്താവനയാണ് ഇതിലുള്ളത്.
'നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, നിങ്ങളുടെ സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ ദേശത്തെ മണ്ണ് നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു.
വരാനിരിക്കുന്നത് കൂടുതല്‍ കഠിനവും, കൂടുതല്‍ ഭയാനകവും, കൂടുതല്‍ കയ്‌പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങള്‍ എല്ലാവരും തുടച്ചുനീക്കപ്പെടും. മാര്‍ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണ്'. ടെലിഗ്രാം ചാനല്‍ വഴി പുറത്തിറക്കിയ ഭീഷണിയില്‍ പറയുന്നു.
ഭരണമാറ്റത്തിന് ശേഷവും സിറിയയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ മത തീവ്രവാദികള്‍ ലക്ഷ്യംവെയ്ക്കുന്നുണ്ടെന്നതിനുള്ള പ്രകടമായ തെളിവാണ് പുതിയ ഭീഷണി. കഴിഞ്ഞ ജൂണ്‍ 21-ന്, മാര്‍ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്‌ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ രക്തസാക്ഷികളാകുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.
ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്രൈസ്തവര്‍ക്ക് നേരെ വലിയ ഭീഷണി ഉയര്‍ത്തി സരായ അന്‍സാര്‍ അല്‍ സുന്ന ഇസ്ലാമിക സംഘടന രംഗത്ത് വന്നിരിക്കുന്നത്.