നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ഐ.എസ്. ആക്രമണം: അദമാവയിൽ 29 പേർ കൊല്ലപ്പെട്ടു

 
Nigeriya

വടക്കുകിഴക്കൻ നൈജീരിയയിലെ അദമാവ സ്റ്റേറ്റിലുണ്ടായ ക്രൂരമായ ഐ.എസ്. ഭീകരാക്രമണത്തിൽ 29 ക്രൈസ്തവർ കൊല്ലപ്പെട്ടു.

ഏപ്രിൽ 26 ഞായറാഴ്ച വൈകുന്നേരം ഗോംബി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ സബോൺ-ഗാരി ഗ്രാമത്തിലായിരുന്നു സംഭവം.

ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന ഗ്രാമവാസികൾക്കു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

വൈകുന്നേരം അഞ്ചുമണിയോടെ രണ്ട് സംഘങ്ങളായി എത്തിയ അക്രമികൾ ഗ്രാമം വളയുകയും ജനക്കൂട്ടത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ആളുകൾ ചിതറിയോടിയെങ്കിലും അക്രമികൾ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം നടത്തിയ തിരച്ചിലിൽ 29 മൃതദേഹങ്ങൾ കണ്ടെത്തിയതായും നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഗ്രാമവാസികൾ അറിയിച്ചു.


മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിനിടെ ഗ്രാമത്തിലെ ഒരു പള്ളി തീവ്രവാദികൾ അഗ്നിക്കിരയാക്കി.

പള്ളിക്കകത്തുണ്ടായിരുന്ന സംഗീതോപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായും നശിച്ചു.

കൂടാതെ, കളിക്കാരും കാണികളും കളിസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന നാൽപതിലധികം മോട്ടോർ സൈക്കിളുകളും അക്രമികൾ അഗ്നിക്കിരയാക്കി. അതേസമയം, തങ്ങൾ 25 ക്രൈസ്തവരെ വധിച്ചതായും ആരാധനാലയം നശിപ്പിച്ചതായും ഭീകരസംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നു.

സംഭവസ്ഥലം സന്ദർശിച്ച അദമാവ ഗവർണർ അഹ്മദു ഉമാരു ഫിന്റിരി അക്രമത്തെ ശക്തമായി അപലപിച്ചു.

ഇത് മാനവികതയ്ക്കു നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും പ്രദേശത്ത് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.

ഒരാഴ്ച മുമ്പ് സമാനമായ രീതിയിൽ മറ്റൊരു ക്രൈസ്തവഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെത്തുടർന്ന് ഭയചകിതരായ നൂറുകണക്കിന് കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുകയാണ്.

Tags

Share this story

From Around the Web