രാജ്യത്ത് കടുത്ത വരള്‍ച്ചാ ഭീഷണി? പകുതിയിലേറെ പ്രദേശങ്ങളും പ്രതിസന്ധിയില്‍, കാര്‍ഷികോത്പാദനം കുറയുമെന്ന് മുന്നറിയിപ്പ്

 
Elnino

എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഇന്ത്യയില്‍ കടുത്ത വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 


രാജ്യത്തിന്റെ പകുതിയിലേറെ ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ വരള്‍ച്ചാ സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഐഐടി ഗാന്ധിനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

രാജ്യത്തെ 52.5 ശതമാനത്തോളം പ്രദേശങ്ങളിലും നിലവില്‍ വരള്‍ച്ചാ സാഹചര്യമാണ് ഉള്ളത്. വരാനിരിക്കുന്ന മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണില്‍ രാജ്യത്ത് ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയില്‍ 15 ശതമാനത്തോളമാണ് കുറവുണ്ടായിട്ടുള്ളത്. 


മഴക്കുറവിനൊപ്പം ഇടവിട്ടുണ്ടായ വരണ്ട കാലാവസ്ഥയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പടിഞ്ഞാറന്‍, തെക്കന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കടുത്ത മഴക്കുറവാണ് നേരിട്ടത്. ഇത് രാജ്യത്തെ ജലസ്രോതസ്സുകളെയും ജലനിരപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്.


മഴക്കുറവ് ഏറ്റവും കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. ജല ലഭ്യത കുറഞ്ഞത് കാരണം നെല്ല് ഉള്‍പ്പെടെയുള്ള പ്രധാന വിളകളുടെ കൃഷി വ്യാപ്തിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

രാജ്യത്തെ ഭൂരിഭാഗം കൃഷിയിടങ്ങളും മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നതിനാല്‍ കാര്‍ഷികോത്പാദനത്തില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഉല്‍പ്പാദനത്തിലുണ്ടാകുന്ന ഇടിവും ആഗോള വിപണിയിലെ തടസ്സങ്ങളും കാരണം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


2015-16 കാലഘട്ടത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത്. 

ഈ സാഹചര്യത്തെ നേരിടാന്‍ കൃഷിയിടങ്ങളില്‍ കൃത്യമായ ജലസംരക്ഷണ മാര്‍ഗങ്ങളും മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

Tags

Share this story

From Around the Web