ഈ നൂറ്റാണ്ടിലും പ്രേതമോ?. രാത്രിയില്‍ കൊലുസിന്റെ ശബ്ദവും കരച്ചിലും. പ്രേത ഭീതിയില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ബോര്‍ഡിങ് സ്‌കൂളിലെ ഹോസ്റ്റല്‍ വിട്ട് 600ലധികം വിദ്യാര്‍ഥികള്‍. 

 
dark hostl room


മഹാരാഷ്ട്ര: ഹോസ്റ്റലിനുള്ളില്‍ കൊലുസിന്റെ ശബ്ദം, ചിരി, കരച്ചില്‍ തുടങ്ങിയ അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടുന്നു.

 മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഒരു സര്‍ക്കാര്‍ ബോര്‍ഡിങ് സ്‌കൂളിലെ ഹോസ്റ്റലിലാണ് സംഭവം. പ്രേതബാധയെന്ന് ആരോപിച്ച് ഇതിനോടകം 600ലധികം വിദ്യാര്‍ഥികളാണ് പേടിച്ച് ഇവിടെ നിന്നും ഹോസ്റ്റല്‍ വിട്ട് പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഈ അഭ്യൂഹങ്ങള്‍ സ്‌കൂള്‍ മുഴുവനായും പരക്കുകയായിരുന്നു. 

ഇതോടെ ഭയം ഇരട്ടിക്കുകയായിരുന്നു. 263 ആണ്‍കുട്ടികളും 345 പെണ്‍കുട്ടികളും ഉള്‍പ്പെടെ 608 ഓളം വിദ്യാര്‍ഥികളാണ് പേടിയെത്തുടര്‍ന്ന് ഹോസ്റ്റല്‍ വിട്ട് വീടുകളിലേക്ക് മടങ്ങിയത്.

തുടര്‍ച്ചയായ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സഞ്ജയ് ചൗധരി പറഞ്ഞു.


മാസ് ഹിസ്റ്റീരിയ ആണ് ഈ പേടിക്ക് പിന്നിലെന്നാണ് മാനസിക വിദഗ്ധരുടെ നിഗമനം. കുട്ടികളിലെ പരീക്ഷാ പേടി, മാനസിക സമ്മര്‍ദ്ദം, വീട്ടില്‍ നിന്നും മാറിനില്‍ക്കുമ്പോഴുണ്ടാകുന്ന ഹോം സിക്‌നസ് എന്നിവയാവാം ഈ പേടിയിലേക്ക് അവരെ നയിച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുട്ടികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഹെഡ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ഭയം മാറ്റാനും ആത്മവിശ്വാസം നല്‍കുന്നതിനുമായി കൗണ്‍സിലിംഗ് നല്‍കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web