ഭക്ഷണത്തില്‍ വണ്ട് കണ്ടെത്തിയെന്ന പരാതി വ്യാജം? ഹോട്ടല്‍ അടപ്പിച്ചത് ആസൂത്രിത നീക്കമെന്ന് ഉടമയുടെ പരാതി, അന്വേഷണം ആരംഭിച്ചു
കോഴിക്കോട് കുന്ദമംഗലം മുറിയനാല്‍ അങ്ങാടിയിലെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തില്‍ വണ്ടിനെ കണ്ടെത്തിയെന്ന സംഭവത്തില്‍ വഴിതിരിവ്. ഭക്ഷണത്തില്‍ വണ്ട് വീണുവെന്നാരോപിച്ച് ചില വ്യക്തികള്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍, ഇവര്‍ ഭക്ഷണത്തില്‍ മനപ്പൂര്‍വം വണ്ടിനെ കൊണ്ടുപോയിടുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഹോട്ടലുടമ റഫീഖ് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും, തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹോട്ടലിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് ഉടമ വ്യക്തമാക്കുന്നു.
അതേസമയം, ഹോട്ടലുടമ പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് പരാതിക്കാരിലൊരാളായ കൊടുവള്ളി കളരാന്തരി വട്ടത്താംപോയില്‍ അന്‍വറിന്റെ വാദം.
സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമയ്ക്ക് എതിരായ ഈ സാമൂഹിക വിരുദ്ധ ഗുണ്ടായിസത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുകയുണ്ടായി.