പെട്രോളില്‍ എഥനോള്‍ അളവ് കൂടുതലോ? സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപക പരിശോധന, കര്‍ണാടകയിലെ സമാന പരിശോധനയ്‌ക്കെതിരെ പെട്രോളിയം കമ്പനികള്‍ രംഗത്തെത്തിയിരുന്നു
 

 
ETHANOL

തിരുവനന്തപുരം: പെട്രോളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കേരളത്തിലും പരിശോധന തുടങ്ങുന്നു. നാളെ മുതല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇന്ധന സാമ്പിളുകള്‍ ശേഖരിക്കും. പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളില്‍ നിന്നുമാണ് സാമ്പിളുകള്‍ എടുക്കുക.

ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. നാല് ജില്ലകളിലായി അഞ്ച് പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം എത്തിക്കുന്ന ലോറികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.

 ഓരോ കേന്ദ്രത്തില്‍ നിന്നും ആറ് സാമ്പിളുകള്‍ വീതം ശേഖരിക്കും. ഇതില്‍ രണ്ടെണ്ണം പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കും. രണ്ടെണ്ണം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സൂക്ഷിക്കും. ശേഷിക്കുന്ന രണ്ടെണ്ണം അതത് പെട്രോള്‍ പമ്പുകളില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിക്കും.

പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തുകയോ ഫലങ്ങളില്‍ സംശയമുണ്ടാകുകയോ ചെയ്താല്‍ വീണ്ടും പരിശോധിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ആറ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

നേരത്തെ കര്‍ണാടകയില്‍ നടത്തിയ സമാന പരിശോധനയ്‌ക്കെതിരെ പെട്രോളിയം കമ്പനികള്‍ രംഗത്തെത്തിയിരുന്നു. പരിശോധന കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടത്തിയതെന്നായിരുന്നു കമ്പനികളുടെ വാദം. ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമോ കേരളത്തിലെ പരിശോധനയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇന്ധനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. ഋ20 പെട്രോളിലെ എഥനോള്‍ അളവ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് കേരളത്തിലും പരിശോധന ആരംഭിക്കുന്നത്.

Tags

Share this story

From Around the Web