സ്വത്താണോ പ്രശ്‌നം? കുഴഞ്ഞുവീണുള്ള മരണമല്ല, കൊലപാതകം; ഭാര്യ അറസ്റ്റില്‍, അന്വേഷണം ഹെല്‍മറ്റ് ധരിച്ച സുഹൃത്തിലേക്ക്?

 
LEKHA MARY


കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണില്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞ സംഭവത്തില്‍ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഹെല്‍മെറ്റ് ധരിച്ചൊരാള്‍ ബൈക്കില്‍ സ്ഥിരം ഇവരെത്തേടിയെത്താറുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വെള്ളിമണ്‍ വ്‌ളാവേത്ത് രാജു മന്ദിരത്തില്‍ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) യെയാണ് കുണ്ടറ പോലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ ഇരുവരുംമാത്രമായിരുന്നു താമസം. വെള്ളിയാഴ്ച വെളുപ്പിന് 5.30-ഓടെയാണ് രാജുവിനെ അബോധാവസ്ഥയില്‍ ബന്ധുക്കള്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.


ലേഖാ മേരി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന സഹോദരനാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണമറിഞ്ഞെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിച്ചതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. കഴുത്തില്‍ അമര്‍ത്തിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് ഡോക്ടര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് ലേഖാ മേരി പോലീസിനോട് പറഞ്ഞു.

രാജു സൗമ്യനാണെന്നും മദ്യപിക്കാറില്ലെന്നുമാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. പെയ്ന്റിങ് തൊഴിലാളിയായിരുന്നു. സ്വത്തിനുവേണ്ടി ലേഖാമേരി മുന്‍പും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഇരുവരും പിണങ്ങി അകന്നുനില്‍ക്കുകയായിരുന്നു. ഒരുവര്‍ഷത്തോളമേ ആയുള്ളൂ വീണ്ടും ഒന്നിച്ച് താമസിച്ചുതുടങ്ങിയിട്ട്. ഇവരുടെ ഏക മകള്‍ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പഠിക്കുന്നത്.

Tags

Share this story

From Around the Web