ലിയോ പതിനാലാമന്‍ മാര്‍പാപ്പ വരുന്നു? ആദ്യ യാത്രാ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചെന്ന് സൂചന

കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ യാത്രാ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചേക്കുമെന്ന സൂചന നല്‍കി വത്തിക്കാന്‍. ഇതിന്റെ ഭാഗമായി ഇന്ത്യ - വത്തിക്കാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി മുന്‍പോട്ടു പോവുകയാണ് കത്തോലിക്ക സഭ നേതൃത്വം. ഇതിനായി രാജ്യങ്ങളും, അന്തര്‍ദേശീയ കൂട്ടായ്മകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍ ഇന്ത്യയിലെത്തി.
ഈ ദൗത്യം അതീവ പ്രാധാന്യമുള്ളതെന്നാണ് വത്തിക്കാന്റെ ഔദ്യോഗിക പ്രതികരണം. ഇന്നലെ എത്തിയ ആര്‍ച്ച്ബിഷപ്പ് 19 വരെ ഇന്ത്യയില്‍ തുടരും. ആര്‍എസ്എസ് നേതൃത്വവുമായും വത്തിക്കാന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന് സൂചന.
ഇന്ത്യ - വത്തിക്കാന്‍ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് വത്തിക്കാന്‍ തീരുമാനം. ഇതിനായി രാജ്യങ്ങളും, അന്തര്‍ദേശീയ കൂട്ടായ്മകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍ ഇന്ത്യയിലെത്തി. അദേഹത്തിന്റെ അതീവ പ്രാധാന്യമുള്ള ഔദ്യോഗിക യാത്രയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി തന്നെ നേരിട്ട് എക്‌സില്‍ കുറിച്ചു.
ഹൈന്ദവ ഭൂരിപക്ഷ രാജ്യത്ത് ആഗോള കത്തോലിക്ക സഭയിലെ രണ്ടാമത്തെ വലിയ വ്യക്തി സഭ നിലനില്‍ക്കുന്നതടക്കം വത്തിക്കാന്‍ പരാമര്‍ശിക്കുന്നുണ്ട്. സമ്പൂര്‍ണ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് വത്തിക്കാന്റെ ശ്രമം. ചൈനയുമായി കത്തോലിക്ക സഭ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ഭരണ കാലത്ത് ഉണ്ടാക്കിയ കരാര്‍ ഏതാണ്ട് പരാജയപ്പെട്ട സാഹചര്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യയെ മാറ്റാനാണ് ശ്രമം.