പുതിയ ഐഫോണ്‍ ആണോ?': ചോദ്യത്തിന് പിന്നാലെ യുവതിയുടെ ഐഫോണ്‍ 18 പ്രോ തട്ടിയെടുത്ത് ബൈക്കിലെത്തിയ സംഘം, ഫോണിന്റെ അണ്‍ബോക്‌സിങ് വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു
ഗ്രേറ്റര്‍ നോയിഡ: പുതിയ മോഡലാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തിയ ശേഷം യുവതിയുടെ കയ്യില്‍ നിന്ന് ഐഫോണ്‍ 18 പ്രോ കവര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് യുവതിയുടെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചത്.
ഗ്രേറ്റര്‍ നോയിഡ വെസ്റ്റില്‍ ജോലിക്ക് പോകാനായി ഇ-റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ശുഭി ഭണ്ഡാരി എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതിനായി യുവതി ഫോണ്‍ പുറത്തെടുത്ത സമയത്താണ് ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ അടുത്ത് എത്തിയത്.
ആദ്യം വിലാസം ചോദിച്ച ഇവര്‍, പിന്നീട് കയ്യിലിരുന്ന ഫോണ്‍ ശ്രദ്ധിക്കുകയും 'ഇത് പുതിയ ഐഫോണ്‍ ആണോ?' എന്ന് ചോദിക്കുകയുമായിരുന്നു. യുവതി 'അതെ' എന്ന് മറുപടി നല്‍കിയ ഉടന്‍ തന്നെ പ്രതികള്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് ഫോണ്‍ വാങ്ങിയതെന്ന് യുവതിയുടെ ഭര്‍ത്താവ് സാകേത് ഗുപ്ത വ്യക്തമാക്കി. ഫോണിന്റെ അണ്‍ബോക്‌സിങ് വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
പ്രധാന റോഡുകളില്‍ പൊലീസിന്റെ സാന്നിധ്യമില്ലാത്തതാണ് ഇത്തരം അക്രമങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.