ഇതൊരു വല്ലാത്ത പ്രണയമായിപ്പോയി? പ്രതിശ്രുത വധുവിന് സമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം; തട്ടിപ്പിനിരയായി എന്‍ജിനീയര്‍
നാമക്കല്‍: പ്രണയിനിക്ക് കൊടുക്കാന്‍ ഭൂമിയിലെ സമ്മാനം പോരെന്ന് കരുതി ചന്ദ്രനില്‍ തന്നെ ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ നോക്കിയ യുവാവ് ഒടുവില്‍ തട്ടിപ്പിനിരയായി. തമിഴ്‌നാട്ടിലെ നാമക്കല്‍ നാമകിരിപ്പേട്ട സ്വദേശിയായ 32കാരനായ എന്‍ജിനിയര്‍ ശരവണനാണ് ചന്ദ്രനില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം വിശ്വസിച്ച് 23,000 രൂപ നഷ്ടപ്പെട്ടത്. മധുര സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ ശരവണന്‍ ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തിയത്.
പരസ്യത്തില്‍ കണ്ട വെബ്സൈറ്റ് വഴി ബന്ധപ്പെട്ട ശരവണന്‍, പ്രതിശ്രുത വധുവിന്റെ പേരില്‍ ഒരേക്കര്‍ ചന്ദ്രഭൂമി ബുക്ക് ചെയ്തു. ചന്ദ്രയാന്‍ പേടകം ഇറങ്ങിയ പ്രദേശമായ 'സ്റ്റേഡിയ ശിവശക്തി'യിലാണ് സ്ഥലം അനുവദിച്ചതെന്ന് കാണിക്കുന്ന രേഖകളും തട്ടിപ്പുസംഘം ഇയാള്‍ക്ക് അയച്ചുനല്‍കി. ഇതിന് പുറമെ ചന്ദ്രനിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തു. രേഖകള്‍ ലഭിച്ചതോടെ ഇടപാട് യാഥാര്‍ഥ്യമാണെന്ന് ശരവണന്‍ വിശ്വസിക്കുകയായിരുന്നു.
എന്നാല്‍ ചന്ദ്രനില്‍ ഒരാള്‍ക്ക് ഭൂമി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാന്‍ നിയമപരമായി കഴിയില്ല. റവന്യൂ വകുപ്പ് അധികൃതര്‍ ഇത്തരം വാഗ്ദാനങ്ങള്‍ തട്ടിപ്പാണെന്ന് മുന്നറിയിപ്പ് നല്‍കി. 1967ലെ ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ഉടമ്പടി പ്രകാരം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശ വസ്തുക്കള്‍ ഒരു രാജ്യത്തിന്റെയോ വ്യക്തിയുടെയോ സ്വകാര്യ ഉടമസ്ഥതയ്ക്ക് വിധേയമാക്കാനാകില്ല. ഇന്ത്യ, അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
അതുകൊണ്ട് പ്രണയിനിക്കായി ചന്ദ്രനില്‍ സ്ഥലം വാങ്ങിയെന്ന സ്വപ്നം രേഖകളില്‍ മാത്രമായി. ഭൂമിയില്‍ ഭൂമി വാങ്ങുന്നതുപോലെ ചന്ദ്രനില്‍ 'പ്ലോട്ട് ബുക്ക്' ചെയ്യാമെന്ന വാഗ്ദാനത്തില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.