ഇന്‍സ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതോ? മസ്‌കിന്റെ പുതിയ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നു

 
ELON MUSK

ഇന്‍സ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്ഫോമാന്നെന്ന വിവാദ വാദം ആവര്‍ത്തിച്ച് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ഗീഗര്‍ ക്യാപിറ്റലിന്റെ പോസ്റ്റിന് മറുപടിയായാണ് മസ്‌ക് ഈ അഭിപ്രായം വീണ്ടും പങ്കുവെച്ചത്.

 ഇന്‍സ്റ്റാഗ്രാം താന്‍ ഔദ്യോഗികമായി ഒഴിവാക്കിയെന്നും, യാതൊരു പ്രയോജനവുമില്ലാത്ത ഈ ആപ്പ് സ്വാഭാവികമായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമായിരുന്നു ഗീഗര്‍ ക്യാപിറ്റലിന്റെ പോസ്റ്റ്. ഇതിനെ അനുകൂലിച്ച് 'ഇന്‍സ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളത്' എന്ന് മസ്‌ക് കമന്റ് ചെയ്യുകയായിരുന്നു.

ഈ വര്‍ഷം മേയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയും മസ്‌ക് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. മുതിര്‍ന്ന പുരുഷന്മാര്‍ തനിക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ അയക്കുമ്പോള്‍ അവര്‍ ലിംഗമാറ്റം ചെയ്യുകയാണോ എന്ന് സംശയം തോന്നാറുണ്ടെന്ന തരത്തിലുള്ള മസ്‌കിന്റെ പഴയ പരാമര്‍ശങ്ങളും ഇതിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

 മെറ്റ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മസ്‌ക്, ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്‌സ് മാത്രമാണ് ഓണ്‍ലൈനില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഏക പ്ലാറ്റ്ഫോമെന്നാണ് മസ്‌കിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും പക്ഷം.


എന്നാല്‍, കണക്കുകള്‍ മസ്‌കിന്റെ വാദങ്ങളെ പൂര്‍ണ്ണമായും ശരിവെക്കുന്നില്ല. 2025 ഒക്ടോബറിലെ ആഗോള കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളില്‍ 50.6 ശതമാനം പുരുഷന്മാരും 49.4 ശതമാനം സ്ത്രീകളുമാണ്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 55.2 ശതമാനം സ്ത്രീകളും 44.8 ശതമാനം പുരുഷന്മാരുമാണ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങള്‍ ഗൗരവതരമല്ലെന്ന വാദവും കണക്കുകളും തമ്മിലുള്ള അന്തരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Tags

Share this story

From Around the Web