ദാനധര്‍മം- ആധികാരികമായ ഒരു ആദ്ധ്യാത്മിക പ്രവര്‍ത്തനമാണോ?
'യേശു സ്നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക' (മര്‍ക്കോസ് 10:21).
ആദ്യകാലം മുതല്‍ തന്നെ ദാനധര്‍മ്മമെന്നതു ആധികാരികമായ ഒരു ആദ്ധ്യാത്മിക പ്രവര്‍ത്തനമായി സഭ കണക്കാക്കിയിരുന്നു. യേശുക്രിസ്തു ദാനധര്‍മ്മം എന്ന പ്രവര്‍ത്തിയെ സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഒരു കര്‍മ്മം ആയി കാണുന്നു.
'ദാനം' എന്ന വാക്ക് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഗ്രീക്ക് പദമായ 'എലീമോസൈനെ' ബൈബിളിലെ പില്‍ക്കാല പുസ്തകങ്ങളില്‍ കാണുവാന്‍ സാധിക്കും. 'എലീമോസൈനെ' എന്ന വാക്കിന്റെ ഉത്ഭവം അനുകമ്പ, ദയ, കരുണ എന്നൊക്കെ അര്‍ത്ഥം വരുന്ന 'ഇലിയോസ് ' എന്ന പദത്തില്‍ നിന്നാണ്. യഥാര്‍ഥത്തില്‍ കരുണയുടെ മനോഭാവം ഉള്ള ഒരു മനുഷ്യനെയും, പിന്നീട് ദാനശീലത്തെയും ഒക്കെ വര്‍ണ്ണിക്കുന്ന ഒരു പദമായി 'ദാനധര്‍മം' മാറി.
ഇവിടെ ഈ പദത്തിന്റെ സാമൂഹ്യമായ അര്‍ത്ഥം എന്താണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മിക്കവാറും ആ പദത്തിന്റെ ശരിയായ അര്‍ത്ഥത്തിലല്ല അത് ഉപയോഗിക്കപ്പെടുന്നത്. തെറ്റിദ്ധരിക്കപ്പെട്ട അര്‍ത്ഥത്തില്‍ ആയിരുന്നു. ഈ തെറ്റി ദ്ധാരണയ്ക്ക് കാരണം ദാനധര്‍മ്മം അനുബന്ധിച്ച് സാമൂഹികമായി നടന്ന, ഇപ്പോഴും നടക്കുന്ന അനീതിയും, അസമത്വവും തന്നെയാണ്. അതേസമയം, 'ദാന ധര്‍മ്മം' അത് അര്‍ഹിക്കുന്നവര്‍ക്ക് സഹായം തന്നെയാണു. അത് പങ്കു വയ്ക്കലിന്റെ ഉദാത്ത മാതൃക കൂടിയാണത്.
ഒരു വ്യക്തി ദാനം ചെയ്യുമ്പോള്‍ നാം ചിലപ്പോള്‍ ആ വ്യക്തിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചേക്കാം. ആ വ്യക്തി അത് ചെയുന്ന രീതി മൂലം, ദാനത്തിനായ് കൈ നീട്ടുന്ന ഒരു വ്യക്തിയുടെ മനോഭാവത്തെയും നമ്മള്‍ എതിര്‍ത്തേക്കാം. എന്നിരുന്നാലും അര്‍ഹിക്കുന്നവര്‍ക്ക് ദാനം നല്കി സഹായിക്കുകയെന്നത് ആദരവ് അര്‍ഹിക്കുന്നു. കാരണം അന്യരുമായ് പങ്കു വയ്ക്കാന്‍ കഴിയുന്ന മനോഭാവത്തെ ഉദാത്ത മാതൃകയെന്ന് വിശേഷിപ്പിക്കാം.