ഇരിങ്ങാലക്കുട രൂപതയുടെ ‘ബ്ലെസ് എ ഹോം’ പദ്ധതി 17-ാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ‘ബ്ലെസ് എ ഹോം’ 17-ാം വര്‍ഷത്തിലേക്ക്.
ഇതോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 18) ഉച്ചകഴിഞ്ഞ് 2.30ന് വാര്‍ഷിക സമ്മേളനം നടത്തും.
ബിഷപ്‌സ് ഹൗസില്‍ ചേരുന്ന സമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. രൂപതയില്‍ 2010 ഏപ്രില്‍ 18നാണ് പദ്ധതി ആരംഭിച്ചത്.
അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങളോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2443 കുടുംബങ്ങള്‍ക്കായി 12.63 കോടിയും പ്രളയകാലത്ത് 1019 കുടുംബങ്ങള്‍ക്കായി 1.29 കോടിയും ചെലവഴിച്ചു.
ഇപ്പോള്‍ ജാതി മതഭേദമെന്യെ 406 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ടിരിക്കുന്നു.
പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബത്തിനും പ്രതിമാസം ആയിരം രൂപ നല്‍കുന്നതാണ് പദ്ധതി.
അതോടൊപ്പം, പഠനത്തില്‍ സമര്‍ഥരായ 228 വിദ്യാര്‍ഥികള്‍ക്ക് 17 ലക്ഷം രൂപയുടെ സ്‌ക്കോളര്‍ഷിപ്പും തുടര്‍പരിശീലനവും നല്‍കിവരുന്നു.
രൂപതാതിര്‍ത്തിക്കുള്ളില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടുന്ന 12 വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യവും 5.25 ലക്ഷം രൂപ സ്‌ക്കോളര്‍ഷിപ്പും നല്‍കി. ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മെറിറ്റില്‍ സീറ്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ഡയറക്ടര്‍ ഫാ. ജിന്റോ വേരംപിലാവ് അറിയിച്ചു.