അയര്‍ലണ്ടിലെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം മെയ് 9 ന് ശനിയാഴ്ച

 
Irland

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച നടത്തപ്പെടും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ-മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചുചേരും. അയർലൻഡ്യാത്രാസഹായി

സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടന ദിനമായ മെയ് 9-ന് രാവിലെ 9:45 നു നോക്ക് ബസിലിക്കയില്‍ ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.

കത്തോലിക്കാ സഭയുടെ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് മുഖ്യകാര്‍മ്മികനായിരിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും, അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും തീര്‍ത്ഥാടനത്തില്‍ സജീവ സാന്നിധ്യമറിയിക്കും.

ചങ്ങനാശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് പുതിയ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ അയര്‍ലണ്ട് സന്ദര്‍ശനമാണിത്. തീര്‍ത്ഥാടന ദിനം രാവിലെ 10 മണിക്ക് കര്‍ദ്ദിനാളിനു അയര്‍ലണ്ട് സീറോ മലബാര്‍ സഭ ഔദ്യോഗിക   സ്വീകരണം നല്‍കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട്, 2006 മുതല്‍ 2020 വരെ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തിന്‍കീഴില്‍ വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതല്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജേര്‍ണീസ് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍പ്പാപ്പയുടെ വിദേശയാത്രകളുടെ സംഘാടനത്തിന്റെ ഉത്തരവാദിത്തമുള്ള ഈ ഓഫീസിന്റെ മേധാവിയായി 2021 മുതല്‍ സേവനം ചെയ്തുവരികെ പോപ്പ് ഫ്രാന്‍സീസ് അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തുകയിരുന്നു. GeographicReference

കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെയും, ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ദേശീയതലത്തില്‍ വിജയം കൈവരിച്ചവരേയും, 2025-ലെ ലിവിംഗ് സര്‍ട്ട് (A Level – Northern Ireland) പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളേയും തദ്ദവസരത്തില്‍ ആദരിക്കും. അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളെയും ഈയവസരത്തില്‍ പ്രത്യേകമായി ആദരിക്കും.

1879 ഓഗസ്റ്റ് 21-ന് കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തില്‍ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന് സമീപം നടന്ന മരിയന്‍ പ്രത്യക്ഷീകരണം അയര്‍ലണ്ടിലെ വിശ്വാസചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. പരിശുദ്ധ കന്യകാമാതാവിനൊപ്പം യൗസേപ്പിതാവും യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ദര്‍ശനത്തില്‍ ബലിപീഠം, കുരിശ്, ദിവ്യആട്ടിന്‍കുട്ടി, ദൂതന്മാര്‍ എന്നിവയും ദര്‍ശിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. സഭ നിയോഗിച്ച കമ്മീഷനുകള്‍ ഈ സംഭവത്തെ വിശ്വാസയോഗ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുള്ളതും, വിശുദ്ധ മദര്‍ തെരേസ ഇവിടെ പ്രാര്‍ത്ഥിച്ചിട്ടുള്ളതും ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷംതോറും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ നോക്ക് സന്ദര്‍ശിക്കുന്നു.

അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങള്‍ക്കായി നോക്ക് ദേവാലയത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണിമുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. സീറോ മലബാര്‍ സഭയുടെ വൈദികരുടെ സ്ഥിരസേവനവും ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലഭ്യമാണ്.

സീറോ മലബാര്‍ സഭയുടെ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. നോക്ക് മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ സമിതി അറിയിച്ചു.

Tags

Share this story

From Around the Web