ഔദ്യോഗിക രേഖകളില്‍ തന്റെ ക്രൈസ്തവ വിശ്വാസം പുനഃസ്ഥാപിച്ചുകിട്ടണം: ഇറാഖി യുവതിയുടെ നിയമപോരാട്ടത്തിന് ഫലം

 
iraqi



ബാഗ്ദാദ്: ഗവണ്‍മെന്റ് ഔദ്യോഗിക രേഖകളില്‍ തന്റെ ക്രൈസ്തവ വിശ്വാസം പുനഃസ്ഥാപിച്ചുകിട്ടാന്‍ നിയമപോരാട്ടം നടത്തിയ ഇറാഖി യുവതിക്ക് അനുകൂലമായി ഇറാഖിലെ പരമോന്നത അപ്പീല്‍ കോടതിയുടെ വിധി. 

ഇറാഖിലെ നാഷണല്‍ കാര്‍ഡ് നിയമപ്രകാരം , മാതാപിതാക്കളില്‍ ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഔദ്യോഗിക രേഖകളില്‍ സ്വമേധയാ മുസ്ലിമായി രജിസ്റ്റര്‍ ചെയ്യപ്പെടും. 

യുവതി ചെറുപ്പമായിരുന്നപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിയുകയും മാതാവ് ഇസ്ലാം മത ജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ക്രിസ്തീയ വിശ്വാസം തെരഞ്ഞെടുത്ത കുട്ടിയെ സര്‍ക്കാറിന്റെ ഡാറ്റാബേസില്‍ മുസ്ലിമായി രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍ തന്റെ വ്യക്തിഗത രേഖകളില്‍ തന്റെ ക്രിസ്തുവിലുള്ള വിശ്വാസമാണ് രേഖപ്പെടുത്തേണ്ടത് എന്ന ഒറ്റ നിലപാടില്‍ യുവതി നിലകൊള്ളുകയായിരിന്നു. 

പ്രായപൂര്‍ത്തിയായതിനെ തുടര്‍ന്ന്, തന്റെ ഔദ്യോഗിക രേഖകളില്‍ ഇസ്ലാമിന് പകരം 'ക്രിസ്ത്യാനി' ആണെന്ന് ശരിയായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 

കീഴ് കോടതി യുവതിക്ക് അനുകൂലമായി വിധി നല്‍കിയെങ്കിലും, കേസ് അപ്പീല്‍ കോടതിയിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളിലും മതവിശ്വാസത്തിലും സ്വയം തീരുമാനമെടുക്കാനുള്ള പൗരന്മാരുടെ അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മേല്‍കോടതി മുന്‍വിധി ശരിവെയ്ക്കുകയായിരിന്നു. താന്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്ന യുവതിയുടെ ഉറച്ച വിശ്വാസത്തിനും നിലപാടിനും ഒടുവില്‍ കോടതിയുടെ അംഗീകാരം ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. വിവാഹം, പിന്തുടര്‍ച്ചാവകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മതം ഔദ്യോഗിക രേഖകളില്‍ ചേര്‍ത്തുന്നത് നിര്‍ണ്ണായകമായതിനാല്‍ വിധി സമാന സാഹചര്യങ്ങള്‍ നേരിടുന്ന മറ്റ് നിരവധി ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുകയാണ്.

Tags

Share this story

From Around the Web