ജന്മനാട്ടിലേക്ക് മടങ്ങാൻ ക്രൈസ്തവരോട് ഇറാഖ് പ്രധാനമന്ത്രി; തിരിച്ചുവരവിന് 'ദേശീയ മുൻഗണന'യെന്ന് പ്രഖ്യാപനം
ബാഗ്ദാദ്: യുദ്ധത്തിന്റെയും പീഡനങ്ങളുടെയും പശ്ചാത്തലത്തിൽ ജന്മനാട് ഉപേക്ഷിച്ചു പോയ ക്രൈസ്തവ സമൂഹത്തെ തിരികെ വരാൻ ക്ഷണിച്ചു ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദി. രാജ്യത്തെ ക്രൈസ്തവരുടെ മടങ്ങിവരവ് സർക്കാരിന്റെ ദേശീയ മുൻഗണനയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അവർക്കായി വിപുലമായ പുനരധിവാസ പദ്ധതികളും വാഗ്ദാനം ചെയ്തു.
കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് മാർ പോൾ മൂന്നാമൻ നോനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യമാണ് ഇറാഖിന്റെ യഥാർത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മടങ്ങിയെത്തുന്ന കുടുംബങ്ങൾക്ക് സർക്കാരിന്റെ '1 മില്യൺ പാർപ്പിട പ്ലോട്ട്' പദ്ധതിയിൽ മുൻഗണന ലഭിക്കുമെന്ന് അദേഹം അറിയിച്ചു. വിദേശങ്ങളിൽ കഴിയുന്ന ക്രൈസ്തവ വ്യവസായികളെയും നിക്ഷേപകരെയും രാജ്യത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാക്കാൻ ക്ഷണിച്ച പ്രധാനമന്ത്രി ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിക്ഷേപകർക്ക് വൻ സാധ്യതകളുണ്ടെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക നിലപാടിനെ കൽദായ പാത്രിയർക്കീസ് മാർ പോൾ മൂന്നാമൻ നോന സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രവാസികളായ ഇറാഖി ക്രൈസ്തവർക്ക് ആത്മവിശ്വാസം നൽകാൻ ഈ പ്രഖ്യാപനം സഹായിക്കുമെന്ന് പറഞ്ഞു. ഇതൊരു ചരിത്രപരമായ ചുവടുവെപ്പാണെന്നും മറ്റ് സഭാനേതാക്കൾ വിലയിരുത്തുന്നു.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വാഗതാർഹമാണെങ്കിലും ക്രൈസ്തവരുടെ തിരിച്ചുവരവ് പ്രായോഗികമാകണമെങ്കിൽ നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്ന് സിറിയക് ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് നിപ്പോദിമോസ് മാട്ടി ഷറഫ് മുന്നറിയിപ്പ് നൽകി. ക്രൈസ്തവർ രാജ്യം വിടാൻ നിർബന്ധിതരായ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പ്രത്യേക വോട്ടർപട്ടികയുടെ അഭാവം, നിലവാരമില്ലാത്ത ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ. വിദേശത്ത് ലഭിക്കുന്ന സുരക്ഷിതത്വവും മികച്ച ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് ആളുകൾ മടങ്ങിയെത്തണമെങ്കിൽ, ആത്മവിശ്വാസം നൽകുന്ന ഭരണം ഉറപ്പാക്കണമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.