ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി
ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക് വധഭീഷണി.
കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്.
വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ 'നോര്‍മലൈസേഷന്‍' എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്.
എന്നാല്‍, ഇറാഖിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വാക്ക് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ കര്‍ദിനാള്‍ അനുകൂലിച്ചു എന്ന് ആരോപിച്ചാണ് തീവ്രവാദ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്.
സന്ദേശം പൂര്‍ണമായും ആത്മീയമായിരുന്നുവെന്നും അതിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കല്‍ദായ പാത്രിയാര്‍ക്കേറ്റ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ സാക്കോ നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു.
'എന്നെ വിചാരണ ചെയ്യാനും വധിക്കാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് നടക്കട്ടെ,' എന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ പോലും രാഷ്ട്രീയ ആയുധമാക്കി മാറ്റിയ ഈ സംഭവം ഇറാക്കില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലിന്റെ നേര്‍ക്കാഴ്ചയാണ്.