ഇറാഖിൽ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ദേവാലയങ്ങള്‍ തുറന്നു; പങ്കുചേര്‍ന്ന് പ്രധാനമന്ത്രി

മൊസൂള്‍: ഇറാഖിലെ മൊസൂൾ നഗരത്തിൽ കത്തോലിക്ക വിശ്വാസികള്‍ക്കായി നിര്‍മ്മിച്ച അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന ഔവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഔവർ ലേഡി ഓഫ് ദി അവർ എന്നീ ദേവാലയങ്ങള്‍ പൂർണ്ണമായ പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. സെപ്റ്റംബർ 1 തിങ്കളാഴ്ച നടന്ന ദേവാലയ കൂദാശ തിരുക്കര്‍മ്മത്തിലും മറ്റു ചടങ്ങിലും പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും പുനർനിർമ്മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് മുക്തി നേടി വരുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നാണ് ദേവാലയം തുറന്നത്.
മൊസൂളിന്റെ ആത്മാവിലേക്കും അവിടുത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള തിരിച്ചുവരവാണിതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ പറഞ്ഞു. ഇറാഖിന്റെ പൈതൃകത്തോട് കാണിക്കുന്ന അതേ കരുതൽ ക്രൈസ്തവ സമൂഹത്തിന്റെ പുനരുജ്ജീവനത്തിന് വേണ്ടി വ്യാപിപ്പിക്കണമെന്ന് മൊസൂള്‍ ബിഷപ്പായ ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് യൂനാൻ ഹാനോ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. നിനവേയിലെ ജനങ്ങൾക്ക് സര്‍ക്കാരിന്റെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ഇറാഖിലെ ഇന്ന് ഏകദേശം 80% ക്രിസ്ത്യാനികളും അവകാശ ലംഘനങ്ങളും നിഷേധവും അനുഭവിക്കുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് ഹാനോ ചൂണ്ടിക്കാട്ടി.
പലരും നാടുകടത്തപ്പെടാൻ നിർബന്ധിതരായി.
ഇറാഖി ക്രിസ്ത്യാനികൾ പലയിടങ്ങളിലേക്കും കുടിയേറി. കണ്ണീരിലും വേദനയിലും അവര്‍ തങ്ങളുടെ മാതൃരാജ്യത്തെ ഉപേക്ഷിച്ചു. ഇറാഖിനെ വീണ്ടും ഒരു മനോഹരമായ രാജ്യമായി കാണാനും, മറ്റ് സമുദായങ്ങളിൽ നിന്നുള്ള സഹോദരങ്ങൾക്കൊപ്പം ക്രിസ്ത്യൻ കുട്ടികളെയും സ്വീകരിക്കാൻ കഴിയുമെന്നു ആഗ്രഹിച്ചുകൊണ്ട് തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ആര്‍ച്ച് ബിഷപ്പ് ഹാനോയും അൽ-സുഡാനിയും മറ്റ് പങ്കാളികളും ചേര്‍ന്ന് പള്ളി മണി മുഴക്കുകയും സമാധാനത്തിന്റെ പ്രതീകമായി ഒലിവ് തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.
തുടർന്ന് പ്രധാനമന്ത്രിയും സംഘവും ഡൊമിനിക്കൻ ആശ്രമത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഔവർ ലേഡി ഓഫ് ദി അവർ ചർച്ച് ദേവാലയ കൂദാശയിലും പങ്കെടുത്തു.