അമേരിക്കൻ ഉപരോധത്തിന് ഇറാന്റെ കടുത്ത തിരിച്ചടി: ബഹ്റൈനിലും കുവൈറ്റിലും മിസൈൽ-ഡ്രോൺ ആക്രമണം
അമേരിക്കൻ വ്യോമാക്രമണങ്ങൾക്കും വീണ്ടും പ്രാബല്യത്തിൽ വരുത്തിയ നാവിക ഉപരോധത്തിനുമെതിരെ ഗൾഫ് മേഖലയിൽ തിരിച്ചടി കടുപ്പിച്ച് ഇറാൻ. ഇന്ന് പുലർച്ചെ ബഹ്റൈനിലെയും കുവൈറ്റിലെയും ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഈ ഇരു രാജ്യങ്ങൾക്കും നേരെ ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളെ തുടർന്ന് ഇറാൻ നിരന്തരം ആക്രമണം നടത്തിവരികയാണ്. ബഹ്റൈനിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ഇറാനിൽ നിന്ന് കുതിച്ചെത്തിയ മിസൈലുകളെയും ഡ്രോണുകളെയും തകർക്കാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി തിരിച്ചടിച്ചതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് 20% സുരക്ഷാ നികുതി ചുമത്തുമെന്ന മുൻ തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചെങ്കിലും, ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.