ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം, ഇന്ധന ടാങ്കറിന് തീപിടിച്ചു, ക്രൂ അംഗങ്ങൾ രക്ഷപ്പെട്ടു

 
Hormuz

ടെഹ്റാൻ: ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം പത്താം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമാകുന്നു. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ധന ടാങ്കറിന് നേരെ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടുകയായിരുന്നു.

അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി കനത്ത ബോംബാക്രമണം നടത്തിയത്. ഹോർമുസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ അമേരിക്ക നിരന്തരം വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നത് മേഖലയിൽ കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സുരക്ഷാ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് പാതയിലെ കപ്പൽ ഗതാഗതം പൂർണ്ണമായി നിലച്ച മട്ടാണ്.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ കടന്നു. യു.എസിൽ പെട്രോൾ വില ഗാലന് 4 ഡോളറായാണ് ഉയർന്നിരിക്കുന്നത്. ജോർദാനിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു.

മേഖലയിൽ സമ്പൂർണ്ണ യുദ്ധസാധ്യത ഏറിയതോടെ, അന്താരാഷ്ട്ര തലത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് തിരിച്ചു.

Tags

Share this story

From Around the Web