സമാധാനത്തിന് വേണ്ടി ഇറാനി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രാര്‍ത്ഥന

 
Rome

റോം: മധ്യപൂര്‍വ്വേഷ്യയില്‍ അറുതിയില്ലാതെ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന് വേണ്ടി ഇറാനി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രാര്‍ത്ഥന.

 റോമിലെ ഗെരുസലെമ്മെയിലുള്ള സാന്താ ക്രോസ് ബസിലിക്കയിൽ ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം നടന്ന സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു, റോം രൂപതയുടെ വികാരി ജനറലായ കർദ്ദിനാൾ ബൽദാസാരെ റെയ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

 നേതാക്കളുടെ ഹൃദയങ്ങളിൽ ദൈവീക പ്രവർത്തനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

റോമിലെ ജാഗരണ പ്രാർത്ഥന വേളയിൽ മധ്യപൂര്‍വ്വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തെക്കുറിച്ച് കർദ്ദിനാൾ ഡൊമിനിക് മാത്യു ആശങ്ക പങ്കുവെച്ചു.

 "ബലപ്രയോഗത്തിലൂടെ സമാധാനം" നേടുക എന്ന ആശയം അസ്വസ്ഥത ഉളവാക്കുകയാണെന്നും ഇത് ആത്യന്തികമായി ഫലപ്രദമല്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 

അക്രമം കൂടുതൽ സംഘർഷത്തിന് ഇന്ധനം നൽകുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ശാശ്വത സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി. 

നേതാക്കളുടെ ഇടയിൽ ആത്മാർത്ഥമായ പരിവർത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.


വിശുദ്ധവാരത്തിന്റെ ആദ്യ ദിവസം, ക്രിസ്തുവിന്റെ കുരിശിന്റെ പുരാതന ഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബസിലിക്കയിൽ "മിഷൻ ഓഫ് പീസ്, ജേർണി ഇൻ ദി സ്പിരിറ്റ്" എന്ന പേരിൽ റോം രൂപത നടത്തിയ ആത്മീയ സംരംഭത്തിന്റെ ഭാഗമായിട്ടായിരിന്നു പ്രാര്‍ത്ഥന. 

ഇറാനില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ടെഹ്‌റാനിൽ നിന്ന് കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെ വത്തിക്കാനിലേക്ക് രഹസ്യമായി എത്തിച്ചിരിന്നു. 

ബെൽജിയൻ സ്വദേശിയായ അദ്ദേഹമാണ് ഇറാനിലെ കത്തോലിക്കാ സമൂഹത്തെ നയിക്കുന്നത്.

ഏകദേശം 90 ദശലക്ഷം ജനസംഖ്യയുള്ള ഇറാനിലെ ലത്തീന്‍ സഭയില്‍ 2,000 വിശ്വാസികള്‍ മാത്രമാണുള്ളത്.

Tags

Share this story

From Around the Web