യുദ്ധം അമേരിക്കയെ വെട്ടിലാക്കിയെന്ന് ഇറാന്‍, നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ്, കൂടിക്കാഴ്ചക്കായി നെതന്യാഹു

 
trumph

വാഷിംഗ്ടണ്‍: ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറല്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ സൈനിക നടപടികളിലേക്ക് വീണ്ടും കടക്കുമെന്നും മിഷിഗണില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നല്‍കി.


'ഇറാനുമായി ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, ചര്‍ച്ചകള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്ക പ്രതിസന്ധിയിലാണെന്നും സൈനിക യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി കാണാതെ പാടുപെടുകയാണെന്നുമാണ് ഇറാന്റെ നിലപാട്. 


തങ്ങള്‍ ചര്‍ച്ചകള്‍ക്ക് യാചിച്ചിട്ടില്ലെന്നും സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അമേരിക്കയുടെ വ്യാജ അവകാശങ്ങളുടെ ഭാഗമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അഞ്ച് മാസത്തെ യുദ്ധം അമേരിക്കയെ ശരിക്കും വെട്ടിലാക്കിയെന്നാണ് ഇറാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മേഖലയിലെ പിരിമുറുക്കത്തിന് പൂര്‍ണ്ണമായ അയവുവന്നിട്ടില്ല. 


ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ കടക്കുമെന്ന സൂചനയാണ് ഇരുഭാഗത്തുനിന്നും പുറത്തുവരുന്നത്.

 അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് വൈറ്റ് ഹൗസില്‍ നടക്കുന്നുണ്ട്.

യു.എസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ്, ട്രംപുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന് നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക സന്ദര്‍ശനം. 

ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന എട്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
 

Tags

Share this story

From Around the Web