ഇറാനില്‍ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകള്‍ക്ക് നിരോധനം
ടെഹ്‌റാന്‍: തീവ്ര നിലപാടുള്ള ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ഷ്യന്‍ ഭാഷാ ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളെ നിരോധിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഇതോടെ ഈ ചാനലുകള്‍ കാണുന്നതും അവയുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം നടത്തുന്നതും രാജ്യത്തെ നിയമപ്രകാരം കുറ്റകരമാകുമെന്ന് ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ 'ഓപ്പണ്‍ ഡോര്‍സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓപ്പണ്‍ ഡോര്‍സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ക്രൈസ്തവ ചാനലുകളെ പ്രധാന പ്രതിപക്ഷ മാധ്യമങ്ങള്‍ക്കൊപ്പമാണ് ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നവീകരിച്ച ഇറാന്റെ ചാരവൃത്തി നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ഇത്തരം ചാനലുകളുമായി 'സഹകരണം' നടത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലുള്ള ക്രൈസ്തവ ശുശ്രൂഷകളെ ഇറാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നിയന്ത്രിച്ചുവരുന്നുണ്ട്.
ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും, വീടുകളില്‍ നടക്കുന്ന ആരാധനാകൂട്ടായ്മകളില്‍ റെയ്ഡുകള്‍ നടത്തുകയും, ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണമാണ്.
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ ദേശീയ സുരക്ഷയ്ക്കു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റാരോപണം ഉയര്‍ത്തി അറസ്റ്റ് ചെയ്യുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
ഇത്തരം സാഹചര്യത്തില്‍, ബൈബിള്‍ പഠനങ്ങള്‍, ഓണ്‍ലൈന്‍ ശുശ്രൂഷകള്‍, ആത്മീയ ഉണര്‍വ് പകരുന്ന വിവിധ പരിപാടികള്‍ക്കായി പേര്‍ഷ്യന്‍ ഭാഷയിലുള്ള ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകളായിരിന്നു ഇറാനി ക്രൈസ്തവര്‍ ആശ്രയിച്ചുക്കൊണ്ടിരിന്നത്.
പുതിയ നടപടി ഈ സാധ്യതകള്‍ പോലും ഇല്ലായ്മ ചെയ്യുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്.