യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും. ഫെബ്രുവരി മാസത്തില്‍ മാത്രം അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍
മ്യൂണിക്ക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ ആരാധനാലയങ്ങള്‍, വിശ്വാസ ചിഹ്നങ്ങള്‍, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഒബ്‌സര്‍വേറ്ററി യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 17 നശീകരണ കേസുകള്‍, 11 തീവയ്പ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍, 3 ദേവാലയം അശുദ്ധമാക്കല്‍, വിശുദ്ധ വസ്തുക്കളെ ലക്ഷ്യംവെച്ചുള്ള 2 മോഷണങ്ങള്‍, ഒരു ശാരീരികമായ അക്രമ കേസ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഫ്രാന്‍സും ഇറ്റലിയുമാണ് മുന്‍പന്തിയില്‍. 7 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങളാണ് ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മ്മനി (6), നെതര്‍ലാന്‍ഡ്സ് (3), സ്പെയിന്‍ (2), സ്വീഡന്‍ (2), പോളണ്ട് (1), ഗ്രീസ് (1) എന്നിവിടങ്ങളിലാണ് മറ്റ് അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന് പുറത്ത് യുണൈറ്റഡ് കിംഗ്ഡം (4), ബോസ്‌നിയ & ഹെര്‍സഗോവിന (1) എന്നിവിടങ്ങളില്‍ കൂടുതല്‍ ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ളില്‍ മനഃപൂര്‍വ്വം തീയിടുകയോ ദേവാലയ ഘടനകളെ നേരിട്ട് ലക്ഷ്യംവയ്ക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയില്‍ ഏറെയും. ഫ്രാന്‍സില്‍, ലോയിറെറ്റിലെ ഒരു ദേവാലയത്തിന്റെ അള്‍ത്താരയ്ക്കു നേരെ ആക്രമണമുണ്ടായി. അഗ്‌നിയ്ക്കിരയാക്കുവാനാണ് ശ്രമിച്ചത്. നെതര്‍ലന്‍ഡ്സില്‍, അഞ്ച് ദിവസത്തിനുള്ളില്‍ ഈഡിലെ മൂന്ന് ദേവാലയങ്ങള്‍ക്ക് തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരിന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.