ഇസ്രായേലിലെയും ജറുസലേമിലെയും ക്രൈസ്തവർക്കു നേരെ അസഹിഷ്ണുത വർധിക്കുന്നതായി റിപ്പോർട്ട്

 
 cross-2

ഇസ്രായേലിലും വിശുദ്ധ നഗരമായ ജറുസലേമിലും ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അസഹിഷ്ണുതയും വിവേചനവും നിത്യസംഭവമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച കിഴക്കൻ ജറുസലേമിൽ ഫ്രാൻസിൽ നിന്നുള്ള സന്യാസിനിക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേലിലെ 1.8 ലക്ഷത്തോളം വരുന്ന ക്രൈസ്തവർക്കും കിഴക്കൻ ജറുസലേമിലെ പതിനായിരത്തോളം വരുന്ന ക്രൈസ്തവർക്കും നേരെ വർധിച്ചുവരുന്ന വിദ്വേഷ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

അടുത്ത കാലത്തായി ക്രൈസ്തവ ദൈവാലയങ്ങൾക്കും പുരോഹിതർക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ വർധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. തീവെപ്പും കായികമായ ആക്രമണങ്ങളും വലിയ വാർത്താപ്രാധാന്യം നേടാറുണ്ടെങ്കിലും, തെരുവുകളിലൂടെ നടന്നുപോകുമ്പോൾ അവരെ തുപ്പുക, അസഭ്യം പറയുകയും, ചുവരുകളിൽ വിദ്വേഷം പടർത്തുന്ന ലിഖിതങ്ങൾ എഴുതിവെക്കുക തുടങ്ങിയവ ക്രൈസ്തവരുടെ ജീവിതത്തിൽ അവർ നേരിടേണ്ടി വരുന്ന നിത്യസംഭവമായി മാറിയിരിക്കുന്നു. ഇത്തരത്തിൽ അധിക്ഷേപം നേരിടുന്നവരിൽ ഭൂരിഭാഗവും പലസ്തീനിയൻ ക്രൈസ്തവരാണ്.


നിലനിൽക്കുന്ന ഈ മോശം സാഹചര്യം കാരണം 30 വയസ്സിൽ താഴെയുള്ള ക്രൈസ്തവ യുവാക്കളിൽ പകുതിയോളം പേരും രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന ഇത്തരം വിദ്വേഷ നടപടികൾ ഇപ്പോൾ ‘സാധാരണമായ’ ഒന്നായി മാറിക്കഴിഞ്ഞു. ഇത് സമൂഹത്തിന്റെ സുരക്ഷിതബോധത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

രണ്ടായിരത്തിലധികം വർഷങ്ങളായി ഇസ്രായേലിലും കിഴക്കൻ ജറുസലേമിലും ക്രൈസ്തവ സാന്നിധ്യമുണ്ട്. എന്നാൽ, ഇന്ന് തങ്ങളുടെ മതാചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ മാത്രം അവർ ഇസ്രായേലികളിൽ നിന്ന് കടുത്ത ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ സമൂഹം സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ പോലും ഭയപ്പെടേണ്ടി വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. വിശുദ്ധ നഗരമായ ജറുസലേമിലെ ക്രൈസ്തവ സാന്നിധ്യം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഈ അസഹിഷ്ണുതക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് സഭാ നേതൃത്വങ്ങളുടെ ആവശ്യം

Tags

Share this story

From Around the Web