സമാധാനത്തിനും, ഐക്യത്തിനും വേണ്ടി സർവ്വമത പ്രാർത്ഥനാസമ്മേളനം ബഹറിനിൽ നടന്നു

 
Ui

മധ്യ പൂർവേഷ്യയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ സാഹചര്യത്തിൽ, ഏപ്രിൽ മാസം എട്ടാം തീയതി, ബഹറിൻ രാഷ്ട്രത്തിന്റെ സമാധാനത്തിനും, ഐക്യത്തിനും വേണ്ടി സർവ്വമത പ്രാർത്ഥനാസമ്മേളനം നടത്തി. 

ബഹറിൻ  രാജ്യത്തിന്റെ പരമാധികാരിയായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ, "ദിസ് ഈസ് ബഹ്‌റൈൻ"എന്ന കൂട്ടായ്മയും, ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലും ചേർന്നാണ് പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചത്.

വ്യത്യസ്ത പാരമ്പര്യങ്ങൾ, വ്യത്യസ്ത വിശ്വാസങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ, എന്നിവ ഉൾക്കൊള്ളുന്ന മനോഹരമായ രാജ്യത്ത്,   സമാധാനത്തിനായി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഏവരും ഒത്തുചേർന്നിരിക്കുന്നുവെന്നു, ജാഗരണ പ്രാർത്ഥനയുടെ ആമുഖത്തിൽ,  വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ ആൽദോ ബെരാർദി പറഞ്ഞു. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ, സങ്കീർത്തനവും, സുവിശേഷപാരായണവും നടത്തിയ ശേഷം, , ഇംഗ്ലീഷിലും അറബിയിലും, വിവിധ മതങ്ങളുടെ പ്രാർത്ഥനകൾ അർപ്പിച്ചു.

വ്യത്യസ്ത മതങ്ങളിലെയും, രാജ്യങ്ങളിലെയും  1,300-ലധികം ആളുകൾ പങ്കെടുത്ത പ്രാർത്ഥനായോഗത്തിൽ, വിധ മതസമൂഹങ്ങളുടെ പ്രതിനിധികൾ, നേതാക്കൾ, ബഹ്‌റൈൻ സർക്കാർ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. രാജാവിനെ പ്രതിനിധീകരിച്ച് സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി, അമേരിക്കൻ  അംബാസഡർ സ്റ്റെഫാനി ഹാലെറ്റ്, ജപ്പാൻ അംബാസഡർ അസകോ ഒകായ്, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ നിലവിൽ നിർണ്ണായക  പങ്ക് വഹിക്കുന്ന പാകിസ്ഥാൻ അംബാസഡർ സാഖിബ് റൗഫ്, ഷൂറ, കൗൺസിലിലെയും പ്രതിനിധിസഭയിലെയും നിരവധി അംഗങ്ങൾ, ബഹ്‌റൈനിലെ രാഷ്ട്രീയ, വാണിജ്യ  സമൂഹങ്ങളിൽ നിന്നുള്ള പ്രമുഖർ എന്നിവരും പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്തു.

സമാധാനത്തിലേക്കുള്ള ഒരു സുപ്രധാനവും പ്രതീക്ഷ നൽകുന്നതുമായ ചുവടുവയ്പ്പായി വെടിനിർത്തലിനെ സ്വാഗതം ചെയ്തു കൊണ്ട്, അപ്പസ്തോലിക വികാരി സംസാരിച്ചു. വ്യത്യസ്ത മതങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ആളുകൾക്കിടയിലെ ഐക്യത്തിന്റെ ശക്തമായ സന്ദേശമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹവർത്തിത്വത്തിന്റെയും, പരസ്പര ധാരണയുടെയും, സമാധാനത്തിനായുള്ള കൂട്ടായ പ്രതീക്ഷയുടെയും മൂല്യങ്ങൾ ഈ സമ്മേളനം മുൻപോട്ടു വയ്ക്കുന്നുവെന്നു, എംബസി ഫീദെസ് വാർത്താ ഏജൻസിക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു.

"ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും ശക്തമായ ആയുധം പ്രാർത്ഥനയാണ്.നാം ഐക്യപ്പെടുകയും സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിൽ എത്തും. ബഹ്‌റൈനോടും നമ്മുടെ പ്രിയപ്പെട്ട രാജാവിനോടുമുള്ള നമ്മുടെ സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള സമയമാണിത്, കാരണം നമ്മുടെ പ്രാർത്ഥനകൾ ശക്തമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു", പ്രാർത്ഥനാ സമ്മേളനത്തിനുള്ള ക്ഷണത്തിൽ, മനാമയിലെ തിരുഹൃദയ ഇടവക ദേവാലയ  വികാരി ഫാദർ ഫ്രാൻസിസ് പി. ജോസഫ് എടുത്തു പറഞ്ഞു.

Tags

Share this story

From Around the Web