മതാന്തര സംഭാഷണം ലോകസമാധാനത്തിന് അത്യന്താപേക്ഷിതം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട്

 
mar george koovakkkadu

 

യുദ്ധങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും അസമത്വങ്ങളും നിറഞ്ഞ ഈ ലോകത്ത് വിവിധ മതങ്ങള്‍ തമ്മിലുള്ള സംഭാഷണം അത്യന്താപേക്ഷിതമാണെന്ന് വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. 


ദക്ഷിണ കൊറിയയിലെ സോള്‍ സോഗാംഗ് സര്‍വകലാശാലയില്‍ നടന്ന ആദ്യ ക്രൈസ്തവ-കണ്‍ഫ്യൂഷ്യന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ലോകത്തിലെ പ്രശ്‌നങ്ങളെ സര്‍ഗാത്മകമായി നേരിടാന്‍ മതങ്ങള്‍  മതങ്ങള്‍ തയാറാകണമെന്ന് മാര്‍ കൂവക്കാട് ആഹ്വാനം ചെയ്തു. 


ക്രിസ്തീയ ദര്‍ശനത്തിലെ 'പുതിയ ആകാശവും പുതിയ ഭൂമിയും', കണ്‍ഫ്യൂഷ്യന്‍ പാരാമ്പര്യത്തിലെ 'മഹത്തായ ഐക്യവും' (ദാതോഗ്) തമ്മില്‍ ഏറെ സമാനതകളുണ്ട്. നീതിയും സമാധാനവുമുള്ള ഒരു നല്ല സമൂഹത്തെയാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്. 

ദൈവികമായ നവീകരണത്തിലൂടെയും ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിലൂടെയും ക്രൈസ്തവദര്‍ശനം ലോകത്തെ കാണുമ്പോള്‍, ധാര്‍മികമായ വ്യക്തിജീവിതത്തിലൂടെയും ഭരണക്രമത്തിലൂടെയുമാണ് കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം സാമൂഹിക ഐക്യം ലക്ഷ്യമിടുന്നത്. 

ഈ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും പൊതുനന്മയുടെയും കാര്യത്തില്‍ ഇരുപക്ഷവും ഒരേ ലക്ഷ്യമാണ് പങ്കുവയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

ലോകനന്മയ്ക്കായി വിശ്വാസികളും അവിശ്വാസികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും ആഹ്വാനം അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags

Share this story

From Around the Web