തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ; പുരാതന പള്ളികളുടെ സംരക്ഷണത്തിന് 10 കോടി

 
vijay


ചെന്നൈ: തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മന്ത്രി എ.എം. ഷാജഹാനാണ് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

 ക്രിസ്ത്യന്‍, മുസ്ലിം സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വാണിജ്യ സമുച്ചയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ വരുമാനദായക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ പ്രത്യേക റിവോള്‍വിങ് ഫണ്ട് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പദ്ധതികള്‍ നടപ്പാക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. 

ചരിത്രപരവും പഴക്കമേറിയതുമായ പള്ളികളുടെ അറ്റകുറ്റപ്പണികള്‍ക്കും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപയുടെ പ്രത്യേക ഗ്രാന്റും അനുവദിച്ചു. പുനരുദ്ധാരണ വേളയില്‍ പള്ളികളുടെ പൈതൃകവും തനിമയും പരമ്പരാഗത നിര്‍മാണ രീതികളും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനുപുറമെ, തമിഴ്‌നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന അടുത്ത നാല് വര്‍ഷത്തിനിടെ 10,000 ന്യൂനപക്ഷ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും.

 ഐ.ടി., ഓട്ടോമൊബൈല്‍, വസ്ത്ര രൂപകല്‍പ്പന, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.

Tags

Share this story

From Around the Web