ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു. എയര്‍പോര്‍ട്ടുകള്‍ക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന ബ്യൂറോ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടിന് ഇടയില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി.കേന്ദ്ര സുരക്ഷാ ഏജന്‍സികളാണ് വിവരം കൈമാറിയത്.
വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
സംസ്ഥാന പോലീസ്, വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ഈ നിര്‍ദ്ദേശം ഒരുപോലെ ബാധകമാണ്.
വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്പ് എല്ലാ കാര്‍ഗോകളും തപാലുകളും കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം.
ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകള്‍ക്ക് കര്‍ശനമായ സ്‌ക്രീനിംഗ് നിര്‍ബന്ധമാണ് എന്നും സുരക്ഷാ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.