കൗണ്ടര് വഴി എടുക്കുന്ന ട്രെയിന് ടിക്കറ്റുകള്ക്ക് ഇന്ഷുറന്സ് നിര്ബന്ധമെന്ന് സുപ്രിംകോടതി, ഉത്തരവ് നിര്ബന്ധമായും നടപ്പിലാക്കണം
ഡല്ഹി: രാജ്യത്തെ റെയില്വെ സ്റ്റേഷനുകളിലെ കൗണ്ടറുകള് വഴിയും എടുക്കുന്ന ടിക്കറ്റുകള്ക്ക് ഇന്ഷുറന്സ് പരിരക്ഷ നിര്ബന്ധമാക്കി സുപ്രിംകോടതി ഉത്തരവ്. ഒക്ടോബര് 27 മുതല് ഈ ഉത്തരവ് പ്രാബല്യത്തില് വരും. ഇതോടെ കൗണ്ടര് വഴി ടിക്കറ്റ് എടുക്കുന്ന എല്ലാ യാത്രക്കാര്ക്കും ഓണ്ലൈന് വഴി ടിക്കറ്റ് എടുക്കുന്നവരെപ്പോലെ ഇന്ഷുറന്സ് ആനുകൂല്യം ലഭിക്കും.
റെയില്വേ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസ് അഹ്സാനുദ്ദീന് അമാനുള്ള, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ആഴ്ച ഈ നിര്ദേശം നല്കിയത്. നിലവില് ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്ക്ക് മാത്രമാണ് ചെറിയൊരു തുക അധികമായി നല്കി ഇന്ഷുറന്സ് പരിരക്ഷ ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തരവ് നിര്ബന്ധമായും നടപ്പിലാക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം റെയില്വെ ബോര്ഡിന് നേരിട്ട് ഉത്തരവാദിത്തമുണ്ടാകും. ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം റെയില്വേ റിസര്വേഷന് കൗണ്ടറുകളില് നിന്ന് ടിക്കറ്റ് വാങ്ങുന്ന യാത്രക്കാര്ക്ക് ഇന്ഷുറന്സ് പരിരക്ഷ നല്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വിഷയം പരിഗണിക്കാന് കോടതി മുമ്പ് റെയില്വേയോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില് നിന്നുള്ളവര്ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കാന് അധികാരികള്ക്ക് മതിയായ സമയം നല്കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില് പറഞ്ഞു.
സാധാരണക്കാരായ ഒരു വിഭാഗം റെയില്വേ റിസര്വേഷന് കൗണ്ടറുകളില് നിന്നാണ് ടിക്കറ്റ് വാങ്ങുന്നത്. ഇന്ഷുറന്സ് പരിരക്ഷയ്ക്ക് പുറമേ, റെയില്വേയുടെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളിലും കോടതി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയെക്കുറിച്ച് ഉറപ്പുകള് നല്കിയിട്ടും, മതിയായ നടപടികള് താഴേത്തട്ടില് ദൃശ്യമായില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
റെയില്വേ പാളങ്ങളില് വേലി കെട്ടുന്നതടക്കമുള്ള കാര്യങ്ങളില് റെയില്വേ നിരന്തരം പരാജയപ്പെടുന്നതിനെയും കോടതി ചോദ്യം ചെയ്തു. എല്ലാ വര്ഷവും നടപ്പാക്കേണ്ട പരിഷ്കാരങ്ങളുടെ മൂന്നിലൊന്ന് ഭാഗവും പൂര്ത്തിയാകാതെ കിടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
നവംബര് 16-ന് നിശ്ചയിച്ചിരിക്കുന്ന അടുത്ത വാദം കേള്ക്കലില് റെയില്വേ ബോര്ഡ് ചെയര്മാനും അംഗങ്ങളും നേരിട്ട് ഹാജരാകാന് കോടതി നിര്ദേശം നല്കിയിരുന്നു. എന്നാല്, കേന്ദ്ര സര്ക്കാരിനുവേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് വിക്രംജിത് ബാനര്ജി, കഴിഞ്ഞ വര്ഷം നടത്തിയ പ്രവര്ത്തനങ്ങളും ലക്ഷ്യങ്ങള് കൈവരിക്കുന്നതില് പരാജയപ്പെടാനുള്ള കാരണങ്ങളും വ്യക്തമാക്കിക്കൊണ്ട് വിശദമായ സത്യവാങ്മൂലം സമര്പ്പിക്കാന് സമയം തേടി. ഇതിനെ തുടര്ന്ന് ഉദ്യോഗസ്ഥര് നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് കോടതി താല്ക്കാലികമായി നീട്ടി വെച്ചു.