സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള ഇന്‍സ്‌റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലികജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങള്‍ക്കൊരുങ്ങി കത്തോലിക്കാസഭ

വത്തിക്കാന്‍:സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള ഇന്‍സ്‌റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലികജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങള്‍ക്കൊരുങ്ങി കത്തോലിക്കാസഭ.
ഒക്ടോബര്‍ 8, 9 തീയതികളില്‍ വത്തിക്കാനിലും റോമിലുമായി നടക്കുന്ന വിവിധ പരിപാടികളില്‍ പതിനാറായിരത്തില്‍പ്പരം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് സുവിശേഷവത്കരണത്തിനും സമര്‍പ്പിതജീവിതക്കാര്‍ക്കുമായുള്ള ഡികാസ്റ്ററികള്‍ ഒക്ടോബര്‍ 7-ന് പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഇന്ത്യ തുടങ്ങി നൂറോളം രാജ്യങ്ങളില്‍നിന്നുള്ള വിവിധ സമര്‍പ്പിതരും, സന്ന്യസ്തരും, സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടിലെ അംഗങ്ങള്‍, പുതിയ സന്ന്യസ്തജീവിതസമൂഹങ്ങള്‍, അല്മായരായ തീര്‍ത്ഥാടകര്‍ എന്നിവരെയാണ് ചടങ്ങുകളില്‍ പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ 8-ആം തീയതി ഉച്ചകഴിഞ്ഞ് ഒന്ന് മുതല്‍ അഞ്ചുവരെയുള്ള സമയത്ത് വിശുദ്ധവാതിലുകള്‍ കടക്കുന്നതോടെയാണ് ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുക.
തുടര്‍ന്ന് വൈകിട്ട് ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍, സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള ഇന്‍സ്‌റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലിക ജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആംഹെല്‍ ഫെര്‍നാണ്ടെസ് അര്‍തീമെ പ്രാര്‍ത്ഥനാസയാഹ്നം നയിക്കും.
ഒക്ടോബര്‍ 9 വ്യാഴാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ ഈ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പണം നടക്കും.
ഒക്ടോബര്‍ ഒന്‍പതിന് റോമിലെ വിവിധ ചത്വരങ്ങളില്‍ ചര്‍ച്ചാസമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. മിര്‍ത്തി ചത്വരത്തില്‍, 'സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കുവേണ്ടിയുള്ള സേവനം - പാവപ്പെട്ടവരുടെ നിലവിളി കേള്‍ക്കുക' എന്ന വിഷയത്തിലും, ഡോണ്‍ ബോസ്‌കോ ചത്വരത്തില്‍, സൃഷ്ടിയുടെ പരിപാലനവും സംരക്ഷണവും - പരിസ്ഥിതിസംരക്ഷണം' എന്ന വിഷയത്തിലും, വിത്തോറിയോ എമ്മാനുവേലെ ചത്വരത്തില്‍ 'ആഗോളസഹോദര്യം - ഐക്യം' എന്ന വിഷയത്തിലുമായിരിക്കും സമ്മേളനങ്ങള്‍ നടക്കുക.
ഒക്ടോബര്‍ 9 ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ചരവരെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാല, ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധയിടങ്ങളില്‍ നാലായിരത്തോളം തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം സമ്മേളനങ്ങളും നടക്കും.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, പരിശുദ്ധ പിതാവ് അനുവദിക്കുന്ന കൂടിക്കാഴ്ചയും, 'പ്രത്യാശ' എന്ന വിഷയത്തെക്കുറിച്ച്, ഈശോസഭാവൈദികനായ ഫാ. ജ്യാക്കൊമോ കോസ്ത, ടഖ -യുടെ പ്രഭാഷണവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്മേളനം നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നരമുതല്‍ ആറര വരെയുള്ള സമയത്ത് തീര്‍ത്ഥാടകരുടെ സമര്‍പ്പിതജീവിതപ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ട്, വിവിധയിടങ്ങളിലായി 'ആദ്ധ്യാത്മികസംവാദങ്ങളും' ഒരുക്കിയിട്ടുണ്ട്. വൈകിട്ട് എട്ടുമുതല്‍ ഒന്‍പത് വരെ സമയത്ത് നഗരത്തിന്റെ വിവിധയിടങ്ങളിലായി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടക്കും.
ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് 'സമാധാനം' എന്ന വിഷയത്തെകുറിച്ചുള്ള സമ്മേളനം നടക്കും. തുടര്‍ന്ന് വിശുദ്ധ ബലിയര്‍പ്പണവുമുണ്ടാകും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടര മുതല്‍ അഞ്ചുവരെ ഇതേ ശാലയില്‍വച്ച് സംഘര്‍ഷങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പാഠശാലയൊരുക്കിയിട്ടുണ്ട്.
വൈകിട്ട് ഏഴ് മുതല്‍ ഒന്‍പത് വരെ വിശുദ്ധ പൗലോസിന്റെ ബസലിക്കയില്‍ വച്ച് നടക്കുന്ന പ്രാര്‍ത്ഥനയോടെ ജൂബിലി ചടങ്ങുകള്‍ അവസാനിക്കും.
മരിയന്‍ ജൂബിലി
ഒക്ടോബര്‍ 12 ഞായറാഴ്ച, മരിയന്‍ അദ്ധ്യാത്മികയുമായി ബന്ധപ്പെട്ട ജൂബിലിയുടെ ഭാഗമായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ രാവിലെ വിശുദ്ധ ബലിയുണ്ടാകും.