ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം സോപ്പ് പൊടി. ബിഹാറില്‍ 34 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പട്ന: ബിഹാറിലെ നളന്ദ ജില്ലയിലുള്ള പര്‍സ മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം സോപ്പ് പൊടി ചേര്‍ത്തതിനെ തുടര്‍ന്ന് 34 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
ചൊവ്വാഴ്ച സ്‌കൂളില്‍ നല്‍കിയ ഉച്ചഭക്ഷണം കഴിച്ച ഉടന്‍ കുട്ടികള്‍ക്ക് തൊണ്ടയില്‍ പുകച്ചിലും കടുത്ത വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
കുട്ടികളെ ഉടന്‍ തന്നെ ബിഹാര്‍ഷരീഫിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ബീഹാര്‍ഷരീഫ് സദര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചോറും ഉരുളക്കിഴങ്ങ്-സോയാബീന്‍ കറിയുമാണ് ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്നതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രീതി കുമാരി എന്ന വിദ്യാര്‍ഥിനി പറഞ്ഞു.
ഭക്ഷണം കഴിച്ചപ്പോള്‍ സോപ്പ് പൊടിയുടെ മണം അനുഭവപ്പെട്ടതായും, ഉപ്പിന് പകരം ഡിറ്റര്‍ജന്റ് ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം കഴിച്ചതോടെ പല കുട്ടികളും തലകറങ്ങി വീഴുകയും ഛര്‍ദിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പറഞ്ഞു.
പാചകക്കാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണ് സംഭവത്തിന് കാരണമായതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശൈലേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. എന്നാല്‍, ഭക്ഷണത്തില്‍ സോപ്പ് പൊടി കലര്‍ന്നെന്ന വാദം നളന്ദ ഡിസ്ട്രിക്റ്റ് എജ്യൂക്കേഷന്‍ ഓഫീസര്‍ ഹേമചന്ദ്ര നിഷേധിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് ഗ്രാമവികസന മന്ത്രിയും പ്രാദേശിക എംഎല്‍എയുമായ ശ്രാവണ്‍ കുമാര്‍ ആശുപത്രി സന്ദര്‍ശിച്ച് കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ യാതൊരുവിധ വീഴ്ചയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം പരിശോധിക്കാനും പാചകക്കാര്‍ക്ക് ശുചിത്വ പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.