വെടിക്കെട്ടിന് പകരംസ്‌നേഹവീട് സ്‌നേഹ ചലഞ്ച്ഏറ്റെടുത്ത് ചന്ദനപ്പള്ളിവലിയപള്ളി

 
Chandanapallj

പത്തനംതിട്ട : മനുഷ്യസ്നേഹത്തിനും കരുണയ്ക്കും സൗഹാർദ്ദത്തിനും പുതിയ ദീപശിഖ തെളിയിച്ച്, ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചരിത്രപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ഇക്കൊല്ലത്തെ പെരുന്നാളിനോടനുബന്ധിച്ച് പതിവായി ,പള്ളി നേരിട്ട് നടത്തിവരുന്ന വെടിക്കെട്ട് ഒഴിവാക്കി, ആ തുക ഉപയോഗിച്ച് ഒരു സ്നേഹഭവനം നിർമ്മിക്കാനാണ് ഇടവക ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്.

സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഹൃദയസ്പർശിയായ ആഹ്വാനത്തോടുള്ള ആത്മാർത്ഥ പ്രതികരണമാണ് ഈ തീരുമാനം. ആഘോഷങ്ങളുടെ തിളക്കത്തേക്കാൾ മനുഷ്യജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന കരുണയുടെ വെളിച്ചമാണ് ദൈവഹിതമെന്ന ബാവായുടെ സന്ദേശം ഹൃദയത്തിൽ ഏറ്റെടുത്താണ് ചന്ദനപ്പള്ളി വലിയപള്ളി ഈ മഹത്തായ ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്.

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വർഷത്തെ പെരുന്നാളുകളിലും ആഘോഷങ്ങളിലും നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കണമെന്ന പരിശുദ്ധ ബാവായുടെ സ്നേഹചലഞ്ചിന് ആദ്യമായി കൈകോർക്കുന്ന ഇടവകകളിൽ ഒന്നായി ചന്ദനപ്പള്ളി വലിയപള്ളി മാറുകയാണ്. ഇത് ഒരു തീരുമാനം മാത്രമല്ല, ആഘോഷത്തിന്റെ അർത്ഥത്തെ മനുഷ്യസേവനത്തിന്റെ ഉയർന്ന തലത്തിലേക്ക് ഉയർത്തുന്ന ആത്മീയ പ്രഖ്യാപനമാണ്.

മലങ്കര സഭയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചന്ദനപ്പള്ളി വലിയപള്ളി, മതഭേദമന്യേ അനേകലക്ഷം വിശ്വാസികൾ സംഗമിക്കുന്ന വിശ്വാസത്തിന്റെ മഹാസംഗമമാണ്. നൂറ്റാണ്ടുകളായി ഭക്തിയും പങ്കുവെക്കലും കാരുണ്യവും ഒരുമിച്ച് ജീവിക്കുന്ന ഈ തീർത്ഥാടനകേന്ദ്രം, ഇന്നും മനുഷ്യനന്മയുടെ പാതയിലാണ് മുന്നേറുന്നത്. ഇക്കൊല്ലത്തെ പെരുന്നാളിന്റെ പ്രധാന കാർമികത്വം വഹിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവ മെയ് 8-ന് പള്ളിയിൽ എത്തിച്ചേരും. അന്നേദിവസം നടക്കുന്ന തീർത്ഥാടക സംഗമത്തിൽ സ്നേഹഭവന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ബാവാ നിർവഹിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്ന ചന്ദനപ്പള്ളി വലിയപള്ളി, ഈ പെരുന്നാളിനോടനുബന്ധിച്ച് ഇടവക നിർമിച്ച രണ്ട് ഭവനങ്ങളുടെയും, ഇടവക പ്രവാസി കൂട്ടായ്മ നിർമിച്ച ഒരു ഭവനത്തിന്റെയും താക്കോൽദാനവും നടത്തും. കൂടാതെ യുവജന-യുവതി സമാജങ്ങളുടെ ജോർജ്ജിയൻ ഗ്രേഷ്യ സഹായ പദ്ധതി, ബാലസമാജത്തിന്റെ ആട് വിതരണ പദ്ധതി, ലോക പ്രവാസി കൂട്ടായ്മയുടെ മെഡിക്കൽ സഹായ കൈമാറ്റവും പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

ചന്ദനപ്പള്ളിയുടെ ചെമ്പെടുപ്പ് പാരമ്പര്യവും മനുഷ്യസ്നേഹത്തിന്റെ അതുല്യ മാതൃകയാണ്. നാനാ ജാതി-മതസ്ഥർ നേർച്ചയായി സമർപ്പിക്കുന്ന അരി പാവപ്പെട്ടവർക്കും, അനാഥാലയങ്ങൾക്കും, വയോജന സംരക്ഷണ കേന്ദ്രങ്ങൾക്കും, ആദിവാസി കോളനികൾക്കും വിതരണം ചെയ്യുന്നത് ഈ നാടിന്റെ ഹൃദയസ്പന്ദനമാണ്.

ഒരു പെരുന്നാൾ വെറും ആഘോഷമല്ല, അത് മനുഷ്യനന്മയുടെ, സ്നേഹത്തിന്റെ, കരുണയുടെ, പങ്കുവെക്കലിന്റെ മഹാസാഗരമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് ചന്ദനപ്പള്ളി വലിയപള്ളി. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഈ വിശുദ്ധാലയം, വിശ്വാസത്തിന്റെ പ്രകാശം പോലെ തന്നെ മനുഷ്യസ്നേഹത്തിന്റെ വെളിച്ചവും ലോകമെമ്പാടും പകരുന്നു എന്നും വികാരി ഫാ.സുനിൽ എബ്രഹാം,സഹ വികാരി ഫാ.ജോബിൻ യോഹന്നാൻ,ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ ,സെക്രട്ടറി ടി എം വർഗ്ഗീസ് എന്നിവർ പറഞ്ഞു

Tags

Share this story

From Around the Web