കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ ഉടന്‍ നീക്കണം; മെറ്റക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എത്രയും വേഗം നീക്കണമെന്ന് മാതൃകമ്പനിയായ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മെറ്റക്ക് നോട്ടീസ് നല്‍കിയത്. ഇത്തരം പരസ്യങ്ങള്‍ ഉടന്‍ നീക്കി ഏഴ് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഇന്‍സ്റ്റഗ്രാം പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതോ, ലൈംഗികാതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതൊരു ഉള്ളടക്കവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വിപത്തുകള്‍ക്കെതിരെ 'സീറോ ടോളറന്‍സ്' നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
പെയ്ഡ് പരസ്യങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. എന്നിട്ടും ഇത്രയും ഗൗരവകരമായ ഉള്ളടക്കം എങ്ങനെ പരസ്യമായി വരുന്നു എന്നത് വലിയൊരു സുരക്ഷാ വീഴ്ചയായാണ് മന്ത്രാലയം കണക്കാക്കുന്നത്.
കമ്പനികള്‍ അവരുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പണം നല്‍കിയുള്ള ചില പരസ്യങ്ങളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചില പരസ്യങ്ങളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും അവ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.