ഇന്‍സ്‌പെക്ടറുടെ വ്യക്തിവൈരാഗ്യം; വ്യാജ ആരോപണം ഉന്നയിച്ച് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തതായി പരാതി
 

 
CONDUCTOR


 

വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ വ്യാജ ആരോപണം ഉന്നയിച്ച് സസ്‌പെന്‍ഡ് ചെയ്തതായി പരാതി. വനിതകള്‍ക്കുള്ള സൗജന്യ പ്രിയദര്‍ശിനി ടിക്കറ്റ് പുരുഷ യാത്രക്കാരന് നല്‍കി പണം തട്ടിയെന്നാരോപിച്ചായിരുന്നു നടപടി. 

എന്നാല്‍, വ്യക്തിവൈരാഗ്യം മൂലം ഇന്‍സ്‌പെക്ടര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഹൃദ്രോഗബാധിതനായ കണ്ടക്ടര്‍ എം.വി. മാത്യു ആരോപിക്കുന്നു. അതേസമയം, കണ്ടക്ടര്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി മുപ്പത്തിയഞ്ചിലധികം യാത്രക്കാര്‍ ഒപ്പിട്ട പരാതിയും സത്യവാങ്മൂലവും പുറത്തുവന്നു.

കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി രാവിലെ മാനന്തവാടിയില്‍ നിന്നും കുട്ടയിലേക്ക് പോയ പ്രിയദര്‍ശിനി ബസിലാണ് സംഭവങ്ങളുടെ തുടക്കം. ഹൃദ്രോഗബാധിതനായ കണ്ടക്ടര്‍ എം.വി. മാത്യുവിന് അന്ന് രാവിലെ മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നു. ഇരുമ്പുപാലം എത്തിയപ്പോള്‍ നൂറിലധികം യാത്രക്കാരുമായി ബസ് തിങ്ങിനിറഞ്ഞു. 

മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ, അടുത്തുനിന്ന പോളിടെക്‌നിക് വിദ്യാര്‍ഥി മുഖേനയാണ് മാത്യു മുന്‍വശത്തെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ കൈമാറിയത്. എന്നാല്‍, കാട്ടിക്കുളം സ്റ്റാന്‍ഡില്‍ പരിശോധനയ്‌ക്കെത്തിയ ഇന്‍സ്‌പെക്ടര്‍ ലെനിന്‍ ജോസഫ്, ഒരു പുരുഷ യാത്രക്കാരന് വനിതകളുടെ സൗജന്യ പ്രിയദര്‍ശിനി ടിക്കറ്റ് നല്‍കി പണം വാങ്ങിയെന്നാരോപിച്ച് നടപടി തുടങ്ങുകയായിരുന്നു.  
ടിക്കറ്റുകള്‍ കൈമാറിയപ്പോള്‍ മാറിപ്പോയതാണോ എന്ന് അറിയാന്‍ ബസിലെ മുഴുവന്‍ യാത്രക്കാരുടെയും ടിക്കറ്റ് പരിശോധിക്കണമെന്നും, ബസ് നേരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് സത്യാവസ്ഥ തെളിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടും പരിശോധനാ ഉദ്യോഗസ്ഥന്‍ കൂട്ടാക്കിയില്ല. ശാരീരിക നില വഷളായതോടെ യാത്രക്കാരാണ് മാത്യുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലും എത്തിച്ചത്. കണ്ടക്ടറെ അനുകൂലിച്ച് 35 യാത്രക്കാര്‍ ഒപ്പിട്ട കത്തും രണ്ട് യാത്രക്കാരുടെ സത്യവാങ്മൂലവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
 

Tags

Share this story

From Around the Web