മൈക്രോ ഫിനാന്‍സ് കേസില്‍ നിരപരാധി, ഒരു കോടതിക്കും ശിക്ഷിക്കാനാകില്ല; വെള്ളാപ്പള്ളി നടേശന്‍

 
VELLAPALLY NADESHAN

മൈക്രോ ഫിനാന്‍സ് കേസില്‍ താന്‍ നിരപരാധിയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ലഭിച്ച പണം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 


തന്നെ ശിക്ഷിക്കുമെന്ന് കരുതി പലരും മനപ്പായസം ഉണ്ണുന്നുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

മുഖ്യമന്ത്രിക്ക് അനുകൂലമായ തന്റെ പരാമര്‍ശങ്ങളെ 'യൂ ടേണ്‍' എന്ന് വിളിക്കുന്നവര്‍ക്ക് അങ്ങനെ വിളിക്കാമെന്നും പ്രതിപക്ഷത്തിരുന്ന സതീശന്‍ അല്ല ഇപ്പോഴത്തെ ആളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൈക്രോ ഫിനാന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. എസ്. ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. 

നടപടികളില്‍ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആരാഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ അതോ പിന്നില്‍ നിന്ന് മറ്റാരെങ്കിലും സ്വാധീനിക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

നിയമനടപടികള്‍ക്ക് സമയമെടുക്കുമെന്നും ചില കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും എസ്.പി. വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണ ചുമതല കൂടി വഹിക്കുന്നതിനാല്‍ തിരക്കുകള്‍ മൂലമാണ് കാലതാമസമുണ്ടായതെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളതെന്നും ദിവസവും നാല് മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിയുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

രണ്ട് ദിവസത്തിനുള്ളില്‍ എട്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 


തൃപ്തികരമായ രീതിയില്‍ കുറ്റപത്രം നല്‍കാന്‍ സമയം ആവശ്യമാണെന്ന് ശശിധരനും വ്യക്തമാക്കി. തുടര്‍ന്ന്, ഒരാഴ്ചയ്ക്കകം ഒരു കേസില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഹര്‍ജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് എ. ബദ്ദറുദ്ദീന്‍ ഉത്തരവിട്ടു.

Tags

Share this story

From Around the Web