എല്ലാ ദീപാവലിക്കും സ്വര്‍ണം വേണമെന്ന് ഭര്‍തൃവീട്ടുകാര്‍; സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
 

 
DEEPAVAKI 11


 
പൂനെ: പൂനെയില്‍ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ജീവനൊടുക്കി. പൂനെയിലെ മുകുന്ദ് നഗറില്‍ എംബിഎ ബിരുദധാരിയായ 29കാരിയായ പായല്‍ അക്ഷയ് സാംബ്രെയാണ് ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അക്ഷയ്, അമ്മായിയമ്മ മംഗള്‍ അരവിന്ദ് സാംബ്രെ, അമ്മായിയപ്പന്‍ അരവിന്ദ് സാംബ്രെ, നാത്തൂന്‍ അക്ഷത എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


2019ലായിരുന്നു പായലിന്റെയും അക്ഷയ് സാംബ്രെയുടെയും വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്. വിവാഹ ശേഷം ഭര്‍ത്താവ്, അമ്മായിയമ്മ, അമ്മായിയപ്പന്‍, നാത്തൂന്‍ എന്നിവര്‍ ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും എല്ലാ വര്‍ഷവും ദീപാവലി സമയം അഞ്ച് മുതല്‍ പത്ത പവനോളം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ഈ വര്‍ഷത്തെ ദീപാവലിക്ക് സ്വര്‍ണം നല്‍കാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ് അക്ഷയിയെ യുവതിയുടെ വീട്ടുകാര്‍ അറിയിച്ചിരുന്നു. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു പായലെന്നും കുടുംബം പറയുന്നു. ഭര്‍തൃമാതാവുമായി വാക്കുതര്‍ക്കമുണ്ടായതിനെക്കുറിച്ചും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവരാണ് ഉത്തരവാദിയെന്ന് അവസാനമയച്ച മെസേജില്‍ പറയുന്നുണ്ടെന്നും വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കളടക്കം 15 മുതല്‍ 20 ഓളം പേര്‍ ചേര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയിരുന്നു. 

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് സ്വഗേറ്റ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web