മുഖത്തും ശരീരത്തിലും മുറിവുകള്‍; തലയില്‍ അടിയേറ്റ് ഗുരുതര പരിക്ക്; പെരുമ്പാവൂരിലെ മൂന്നുവയസുകാരനെ മര്‍ദിച്ച് കൊന്നതെന്ന് കണ്ടെത്തല്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ അസം സ്വദേശികളുടെ മകനായ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ രണ്ടാനച്ഛന്‍ മഹേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകന്‍ വിറ്റു പാന്‍ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ദമ്പതികള്‍ തയ്യാറായില്ല. അയല്‍വാസികള്‍ ആവശ്യപ്പെട്ടിട്ടുപോലും അമ്മയോ രണ്ടാനച്ഛനോ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിക്കുകയായിരുന്നു. എന്നാല്‍ അതിന് മുമ്പേ കുട്ടി മരിച്ചു.
സംഭവത്തില്‍ അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചതോടെ രണ്ടാനച്ഛന്‍ മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ച പാടുകള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
കുട്ടി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായത്. കുട്ടിയുടെ തലയിലും ശരീരമാസകലവും ഗുരുതരമായ പരിക്കുകളും മുറിവേറ്റ പാടുകളുമുണ്ട്. തലയ്‌ക്കേറ്റ കടുപ്പമേറിയ അടിയും പരിക്കുമാണ് മരണകാരണമെന്നാണ് നിഗമനം. പ്രതി കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.