ശരീരത്തില്‍ പരിക്കുകളും പാടുകളും; മുനമ്പത്തെ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് സംശയം, കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്
 

 
munmabom


എറണാകുളം: മുനമ്പം പൊയ്ലിയില്‍ അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ ആറാം തീയതിയാണ് പൊയ്ലിയില്‍ നിന്നും 30 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. 

പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകളുമായി ഒത്തുനോക്കിയെങ്കിലും സാമ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മുനമ്പം ഹാര്‍ബറിലെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന മത്സ്യത്തൊഴിലാളിയാണെന്ന് വ്യക്തമായത്.


കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കിടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകൂ.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തുടക്കത്തില്‍ ഇവര്‍ക്ക് സംഭവത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന രീതിയിലായിരുന്നു മൊഴി നല്‍കിയിരുന്നത്. 

എന്നാല്‍ പൊലീസ് സംശയമുനയില്‍ നിര്‍ത്തിയിരുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കേരളം വിട്ടതായാണ് വിവരം. ബോട്ടിനുള്ളില്‍ വെച്ചുണ്ടായ വാക്തര്‍ക്കങ്ങളോ അടിപിടിയോ കൊലപാതകത്തില്‍ കലാശിച്ചതാണോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web