വിവരസാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പ്രാപ്യമാകണം: ഐക്യരാഷ്ട്രസഭയോട് ആര്‍ച്ച്ബിഷപ് കാച്ച
വത്തിക്കാന്‍: മനുഷ്യാന്തസ്സ് ഉറപ്പാക്കിയും, പൊതുനന്മ ലക്ഷ്യമാക്കിയും, വിവരസാങ്കേതികവിദ്യകള്‍ ഏവര്‍ക്കും തുല്യമായ രീതിയില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു.
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16, 17 തീയതികളില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ആഗോള ഉച്ചകോടിയില്‍ സംസാരിക്കവേ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച്ബിഷപ് ഗബ്രിയേലേ കാച്ചയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
വിവരസാങ്കേതിക വിദ്യയിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച, സാമൂഹികവികസനം, സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍, അവയുമായി ബന്ധപ്പെട്ട് നടത്തുന്ന തെറ്റായ തിരഞ്ഞെടുപ്പുകള്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാമെന്ന് ഓര്‍മ്മിപ്പിച്ചു.
നിര്‍മ്മിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മേഖലയില്‍ ധാര്‍മ്മിക വിചിന്തനവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട വത്തിക്കാന്‍ പ്രതിനിധി നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം മാനവികതയുടെ കാഴ്ചപ്പാടുകളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രസ്താവിച്ചു.
വിവരസാങ്കേതിക വിദ്യകള്‍ വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏവര്‍ക്കും സംലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച ആര്‍ച്ച്ബിഷപ് കാച്ച, ആധുനികസാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ ഉണ്ടാകേണ്ട ധാര്‍മ്മിക, നിയമ വ്യവസ്ഥകള്‍ കൃത്യമായ രീതിയില്‍ നിര്‍വ്വചിക്കപ്പെടേണ്ടതിന്റെയും, ഏവരുടെയും പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യം ഉയര്‍ത്തിക്കാട്ടി.
വരുന്ന പത്ത് വര്‍ഷങ്ങളില്‍, സാങ്കേതികവിദ്യയില്‍ ഇപ്പോഴത്തെ വികസനങ്ങളും കണ്ടെത്തലുകളും, മുഴുവന്‍ മാനവികതയ്ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗിക്കപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച വത്തിക്കാന്‍ പ്രതിനിധി, മനുഷ്യാന്തസ്സും, പൊതുനന്മയും, നീതിബോധവും, ഐക്യദാര്‍ഢ്യവും ജീവനോടുള്ള ബഹുമാനവും പരിപാലിക്കപ്പെടണമെന്ന്, നവംബര്‍ 3-ന് നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്കായി നല്‍കിയ സന്ദേശത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ മുന്നോട്ടുവച്ച ആഹ്വാനം പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.