കഴിഞ്ഞ 10 വർഷത്തിനിടെ ഡ്രഗ് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കണം. പ്രതികളുടെ പേരും മതവും തിരിച്ച് കോടതിയിൽ സമർപ്പിച്ചാൽ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയും വെറുതെവിടുകയും ചെയ്യും
തിരുവനന്തപുരം: ജിഫ്രി തങ്ങൾക്കും മുസ്‌ലിം സമുദായത്തിനുമെതിരെ വർഗീയ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ.
കഴിഞ്ഞ 10 വർഷത്തിനിടെ ഡ്രഗ് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് സെൻകുമാറിന്റെ ഉപദേശം.
പ്രതികളുടെ പേരും മതവും തിരിച്ച് കോടതിയിൽ സമർപ്പിച്ചാൽ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയും വെറുതെവിടുകയും ചെയ്യുമെന്നും സെൻകുമാർ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ തൂഫാൻ വാരിയർ ആക്കിയതിലായിരുന്നു ആർ.വി ബാബുവിന്റെ വംശീയാധിക്ഷേപം. കേരളത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നത് മുസ്‌ലിംകളാണെന്നും അതുകൊണ്ട് പ്രതിരോധത്തിന് സമസ്ത തന്നെ മുന്നിട്ടിറങ്ങണം എന്നുമായിരുന്നു ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
''കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ പ്രചാരണാർഥം സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി.
മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്.
കാരണം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.
മയക്കുമരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.''