ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് യുവാവ് താഴെ വീണ് മരിച്ച കേസില്‍ കാമുകിയായ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ യുവാവിന്റെ അമ്മ
ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് യുവാവ് താഴെ വീണ് മരിച്ച കേസില്‍ കാമുകിയായ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ യുവാവിന്റെ അമ്മ. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് 28കാരനായ കഫെ ഉടമ ശിവ ശര്‍മയാണ് കാമുകിയുടെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മരിച്ചത്.
കുറച്ചു നാളായി ശിവയെ, കാമുകിയും സോഷ്യല്‍ മീഡിയതാരവുമായ ശ്രദ്ധ ദുബെ മാനസികമായി ഉപദ്രവിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മകന്റെ അശ്ലീല വിഡിയോകള്‍ പുറത്തുവിടുമെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പറയുമെന്നുമായിരുന്നു ഭീഷണി.
മകന്റെ മരണത്തില്‍ ശ്രദ്ധ, സഹോദരി രശ്മി, കാര്‍ ഡ്രൈവര്‍ ഡാനിഷ്, വീട്ടുസഹായി ആദില്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ശിവയുടെ അമ്മയുടെ പരാതി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ശിവ, ശ്രദ്ധയുടെ ഫ്‌ലാറ്റില്‍ നിന്ന് താഴെ വീണതായി കുടുംബത്തിന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഡ്രൈവറെ കൂട്ടി ശിവയെ ആശുപത്രിയിലേക്ക് വിട്ടിട്ടുണ്ടെന്നും നമ്പര്‍ തരാമെന്നുമായിരുന്നു ശ്രദ്ധ വിളിച്ച് പറഞ്ഞതെന്ന് ശിവയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.
വിവരമറിഞ്ഞ് ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തിലേക്ക് താന്‍ എത്തിയപ്പോള്‍ സ്വകാര്യ ആംബുലന്‍സ് കിടക്കുന്നത് കണ്ടുവെന്നും ഡ്രൈവറോട് ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ലെന്നും ബോഡി ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതനുസരിച്ച് കൊണ്ടുവന്നതാണെന്നും ഡാനിഷ് പറഞ്ഞുവെന്നുമാണ് വെളിപ്പെടുത്തല്‍. ഡോക്ടര്‍മാരോട് വിവരം അന്വേഷിച്ചപ്പോള്‍ മരിച്ചനിലയിലാണ് ശിവയെ കൊണ്ടുവന്നതെന്നായിരുന്നു മറുപടി.
ശിവ വീണതെങ്ങനെയാണെന്നും ഏതെങ്കിലും തരത്തില്‍ ഫ്‌ലാറ്റിനുള്ളില്‍ വച്ച് വാക്കേറ്റമുണ്ടായോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
ശിവയുടെ ശരീരത്തില്‍ മുന്‍പും താന്‍ ക്ഷതങ്ങള്‍ കണ്ടിട്ടുണ്ടെന്നും ശ്രദ്ധ ഉപദ്രവിച്ചിരുന്നതായാണ് താന്‍ കരുതുന്നതെന്നും അമ്മ രഞ്ജന പറയുന്നു.
അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം മകന്‍ ഒഴിഞ്ഞുമാറിയെന്നും ബന്ധം അവസാനിപ്പിക്കാന്‍ മകന്‍ ശ്രമിച്ചിട്ടും ശ്രദ്ധ വിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ശ്രദ്ധ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ശിവ തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യം അറിയിച്ചതായി പറഞ്ഞുവെന്നും പരാതിയിലുണ്ട്.
ശിവയുടെ കൈകാല്‍ മുട്ടുകളില്‍ ഗുരുതരമായ പരുക്കുണ്ടെന്നും മൂക്കിലും ചെവിയിലും കണ്ണുകളിലും നിന്ന് രക്തം വാര്‍ന്നൊലിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ഫലം കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.