ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍. ഇന്‍സ്റ്റ റീലില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്
പാലക്കാട്: ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍. ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനാണ് പിടിയിലായത്.
ഇന്‍സ്റ്റ റീലില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. 600ലധികം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വിപുലമായ രീതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് എന്ന് പൊലീസ് പറയുന്നു.
ഈ മാസം രണ്ടിനാണ് സംഭവം. ചൈന്നെയില്‍ നിന്ന് ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വയോധികയുടെ സ്വര്‍ണം കവര്‍ന്നത്. ചെന്നൈയിലുള്ള മകന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ സ്വര്‍ണമാണ് കവര്‍ന്നത്.
വിവാഹ ആവശ്യത്തിനായി സൂക്ഷിച്ച 50 പവന് സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരെത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകന് വലയിലായത്.
ബാലമുരുകന്റെ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നുതന്നെയാണ് പൊലീസിന് കവര്‍ച്ചയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ സ്വര്‍ണം വില്‍ക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
സേലത്തുനിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. പാലക്കാടെത്തിയപ്പോഴേക്കും സ്വര്‍ണം മോഷ്ടിച്ച പ്രതി പാലക്കാട് സ്റ്റേഷനിലിറങ്ങി തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ബാലമുരുകനിലേക്ക് എത്തിയത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴിയാണ് സ്ഥലം മനസിലാക്കിയത്. പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബസുകള്‍ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളില്‍ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. മാസ്ക് ധരിച്ചാണ് സഞ്ചരിച്ചിരുന്നത്.
ദിണ്ടിഗല്‍ വരെയുള്ള മുഴുവന്‍ സിസിടിവികളും പരിശോധിച്ചു. എന്നാല്‍ ദിണ്ടിഗല്ലില്‍ എവിടെയാണ് പ്രതിയുടെ വീട് എന്നത് കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. 600 സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
ഒടുവില്‍ ഇന്‍സ്റ്റ റീലില്‍ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു.